
തേർഡ് ഐ ബ്യൂറോ
തൊടുപുഴ: ഇടുക്കി ജില്ലയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും രക്ഷയില്ലാത്ത കാലം..! മരുന്ന് കഴിച്ച ക്ഷീണത്തിൽ ജീപ്പിനുള്ളിൽ ഇരുന്ന് മയങ്ങിയ വനിതാ എസ് ഐയെ കടന്ന് പിടിച്ച പൊലീസുകാരനും , മറ്റൊരു വനിതാ സിവിൽ പൊലീസ് ഓഫിസറെ കടന്നു പിടിച്ച പൊലീസുകാരനുമാണ് ഇടുക്കിയിൽ ഇപ്പോൾ പൊലീസിൻ്റെ മാനം കെടുത്തിയിരിക്കുന്നത്.
പട്രോളിങ്ങിനിടെ പൊലീസ് ജീപ്പിനുള്ളില്‍ വനിത എസ്.ഐയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണമാരംഭിച്ചതോടെയാണ് സംഭവം വിവാദമായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കി എ.ആര്‍ ക്യാമ്പില്‍നിന്ന് വര്‍ക്ക് അറേഞ്ച്മന്റില് എത്തിയ പൊലീസുകാരനെതിരെയാണ് ആരോപണം. കോവിഡ്കാല പരിശോധനയുടെ ഭാഗമായാണ് വനിത എസ്.ഐയുടെ നേതൃത്വത്തില്‍ പട്രോളിങ്ങിനിറങ്ങിയത്.
മരുന്ന് കഴിച്ചതിൻ്റെ ക്ഷീണത്തില്‍ മയങ്ങിപ്പോയ ഇവരോട് ഒപ്പമുണ്ടായിരുന്ന പൊലീസുകാരന്‍ അപമര്യാദയോടെ പെരുമാറിയതായാണ് ആക്ഷേപം. സംഭവത്തില്‍ ആരോപണവിധേയനായ പൊലീസുകാരനെ ഇടുക്കി എ.ആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. ഇയാള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
ഇതുകൂടാതെ ഹൈറേഞ്ചിലെ ഒരു പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തിയ പൊലീസുകാരന്‍ വനിത പൊലീസ് ഉദ്യോഗസ്ഥയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലും സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.
ഇവിടെയും ആരോപണ വിധേയനായ പൊലീസുകാരനെ ജില്ല പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതുകൂടാതെ കൈക്കൂലി, പണം അപഹരിക്കല്‍ തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സ്പെഷല്‍ ബ്രാഞ്ച് എസ്.ഐയെയും കരിങ്കുന്നം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെയും കഴിഞ്ഞ ദിവസമാണ് സസ്പെന്‍ഡ് ചെയ്തത്.
തൊടുപുഴ മേഖലയില്‍ ഒരു പള്ളിയുടെ കാണിക്കവഞ്ചിയില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് ഗ്രേഡ് എസ്.ഐക്ക് സസ്പെന്ഷന്. സ്പെഷല്‍ ബ്രാഞ്ച് എസ്.ഐയും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും ചേര്‍ന്ന് മദ്യപസംഘത്തില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു എസ്.ഐയുടെ സസ്പെന്ഷന്. ലോക്ഡൗണ്‍ കാലത്ത് തുടച്ചയായി ഉണ്ടാകുന്ന ആരോപണം ജില്ലയിലെ പൊലീസ് സേനക്കും നാണക്കേടാണ്.