ക്രൈം ഡെസ്‌ക്
എരുമേലി: ഭൂമി തുരന്ന് മണ്ണ് ചോർത്തുന്ന ഭീകരരായ മണ്ണ് മാഫിയ സംഘത്തിനു തൊപ്പി വച്ചു കാവൽ നിന്ന രണ്ടു പൊലീസ് ഉദ്യോഗസ്ഥർ തെറിച്ചു. എരുമേലി പൊലീസ് സ്റ്റേഷനിലെ രണ്ടു എസ്.ഐമാരെയാണ് മണ്ണുമാഫിയയുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്നു ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഇടപെട്ട് സ്ഥലം മാറ്റിയത്.
എരുമേലി സ്റ്റേഷനിലെ എസ്.ഐ ജമാലിനെ മേലുകാവ് പൊലീസ് സ്റ്റേഷനിലേയ്ക്കും, മറ്റൊരു എസ്.ഐ ഹാഷിമിനെ പാമ്പാടി പൊലീസ് സ്റ്റേഷനിലേയ്ക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എരുമേലി പൊലീസ് സ്റ്റേഷനിൽ പരിധിയിൽ വ്യാപകമായി മണ്ണ് മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന മണ്ണ് മാഫിയ സംഘത്തിനു പൊലീസിൽ നിന്നും വ്യാപകമായി സഹായം ലഭിക്കുന്നതായും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നു, പൊലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നെങ്കിലും, മണ്ണ് വാഹനങ്ങൾ പിടികൂടാൻ സാധിച്ചിരുന്നില്ല.
ഇതേ തുടർന്നു നാട്ടുകാരിൽ ചിലർ നേരിട്ട് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനും കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയ്ക്കും പരാതി നൽകുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി നേരിട്ട് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം എരുമേലി ഭാഗത്തു നിന്നും രണ്ടു ലോഡ് മണ്ണും, ഒരു ലോഡ് മണലും പിടിച്ചെടുത്തിരുന്നു. മുക്കൂട്ടുതറ, എരുമേലി ഭാഗങ്ങളിൽ നിന്നാണ് വ്യാപകമായി മണ്ണ് കടത്തിയിരുന്നതെന്നും കണ്ടെത്തിയിരുന്നു.
ഇവരുടെ ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ചും, പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് രണ്ടു എസ്.ഐമാരാണ് മാഫിയ സംഘത്തിനു വേണ്ട സഹായം ചെയ്തു നൽകിയിരുന്നതെന്നു കണ്ടെത്തിയത്. തുടർന്നാണ്, ഇരുവരെയും എരുമേലിയിൽ നിന്നും സ്ഥലം മാറ്റിയത്. ഇതിനു ശേഷം എരുമേലി പൊലീസ് സ്റ്റേഷനിൽ നിന്നും ഇരുവരെയും സ്ഥലം മാറ്റുകയായിരുന്നു.
മണ്ണ് മാഫിയക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികളുണ്ടാകുമെന്നും പൊലീസ് സംഘം അറിയിച്ചു.