
ടീച്ചറെ.., ഈ ടീച്ചറില്ലായിരുന്നെങ്കിൽ എന്നെ ഈ നിലയിൽ കാണാൻ സാധിക്കില്ലായിരുന്നു…..! മരുന്ന് വേണമെന്ന് സ്റ്റേഷനിലേക്ക് ഫോൺകോൾ, മരുന്നുമായി എസ്.ഐ ഓടിയെത്തിയപ്പോൾ കണ്ടത് പഴയ അധ്യാപികയെ : കണ്ണ് നിറയ്ക്കുന്ന സംഭവം ആലപ്പുഴയിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: വിദ്യാഭ്യാസ ജീവിതം കഴിഞ്ഞ് ഒരു ജോലിയിൽ പ്രവേശിച്ച് വർഷങ്ങൾക്ക് ശേഷം പഠിപ്പിച്ച അധ്യാപകരെ കാണുകയെന്നത് ഏവരുടെയും മനസിന് ആശ്വാസമേകുന്ന കാഴ്ചയാണ്. ലോക് ഡൗണിൽ ഇത്തരത്തിൽ ഒരു നിമിഷത്തിലൂടെ കടന്നു പോവുകയാണ് എസ്‌ഐ ടോൾസൺ ജോസഫ്.
ലോക് ഡൗണിൽ അത്യാവശ്യ മരുന്ന് എത്തിക്കണമെന്ന ഫോൺകോളിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐ ടോൾസൺ എത്തിയത്. എന്നാൽ മരുന്നുമായി ഓടിയെത്തിയപ്പോൾ കണ്ടത് തന്റെ പ്രിയ പഴയ അധ്യാപികയായ ഹംസകുമാരിയെയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുന്ന് നൽകാൻ എത്തിയതും ഹംസകുമാരിയെ കണ്ണിമചിമ്മാതെ നോക്കി നിന്നു. ആകാംക്ഷയോടെ നിൽക്കുന്ന അവർക്കുമുന്നിൽ എസ്‌ഐ മുഖാവരണം മാറ്റി വിളിച്ചു, ‘ടീച്ചറേ…’. ‘എടാ ടോൾസാ…’ ഹംസകുമാരി തിരിച്ചുവിളിച്ചു. ഒന്നുമറിയാതെ പകച്ച് നിൽക്കുകയായിരുന്നു ഹംസകുമാരിയുടെ ഭർത്താവ് ഗോപിനാഥൻ നായരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും.
ശേഷം ഹംസകുമാരി പറഞ്ഞു. ഇവൻ എന്റെ പ്രിയ ശിഷ്യനാ… അമ്പരപ്പുകൾക്കിടയിൽ ടോൾസണും ഗോപിനാഫോൺനോടു പറഞ്ഞു ‘ഈ ടീച്ചറില്ലായിരുന്നെങ്കിൽ എന്നെ ഈ നിലയിൽ കാണാൻ പറ്റില്ലായിരുന്നു സാറേ…’ ഒരുനിമിഷമെങ്കിലും പഴയ അധ്യാപികയുടെയും വിദ്യാർത്ഥിയുടെയും കണ്ണുകൾ നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്.
ജീവൻ നിലനിർത്താൻ അത്യാവശ്യമരുന്ന് വേണമെന്ന് പൊലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞപ്പോഴാണ് എസ്‌ഐയും സംഘവും മരുന്നുമായി എത്തിയത്. രണ്ടുനേരം കഴിക്കുന്ന വിലയേറിയ മരുന്നാണ് ടീച്ചറുടെ ജീവൻ നിലനിർത്തുന്നത്. ലോക്ഡൗണിൽ മരുന്നു കിട്ടാതായതോടെ
സ്റ്റേഷനിൽ വിളിച്ച് മരുന്നിന്റെ പേരും എത്തിക്കേണ്ട വീടിന്റെ മേൽവിലാസവും നൽകി. തുടർന്ന് പൊലീസ് ഇടപെട്ട് തിരുവനന്തപുരത്തുനിന്ന് മരുന്നെത്തിക്കുകയായിരുന്നു. ആവശ്യക്കാരിക്ക് എത്തിച്ചുകൊടുക്കാൻ തോണ്ടൻകുളങ്ങര ‘സരോവര’ത്തിനുമുന്നിൽ നോർത്ത് എസ്‌ഐ എത്തിയപ്പോഴാണ് തന്റെ പ്രിയപ്പെട്ട അധ്യാപികയെ ഒരിക്കൽ കൂടി കാണാൻ സാധിച്ചത്.
കാട്ടൂർ ഹോളിഫാമിലി സ്‌കൂളിലെ കായികാധ്യാപികയായിരുന്നു ഹംസകുമാരി. വിരമിച്ചിട്ട് അഞ്ചുവർഷമായി. 21 വർഷം മുൻപാണ് എസ്‌ഐ ടോൾസൺ ജോസഫ് അവിടെ പഠിച്ചത്. മക്കളില്ലാത്ത എനിക്ക് ശിഷ്യരാണ് മക്കൾ. ഈ കോവിഡ് കാലത്തെ ഒറ്റപ്പെടലിലും അവരെത്തിയില്ലേയെന്ന് ഹംസകുമാരി പറയുന്നു.