video

00:00

268 എസ്.ഐ തസ്തികകൾ നിർത്തലാക്കുന്നു ; നടപടി തെറ്റെന്നു ഡിജിപി

268 എസ്.ഐ തസ്തികകൾ നിർത്തലാക്കുന്നു ; നടപടി തെറ്റെന്നു ഡിജിപി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പൊലീസിലെ സബ് ഇൻസ്‌പെക്ടർമാരുടെ 268 തസ്തികകൾ ഇല്ലാതാക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം തെറ്റാണെന്ന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ സർക്കാരിനെ അറിയിച്ചു. എസ്.ഐമാർ കുറയുന്നത് പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കും.

അടിയന്തരമായി 268 എസ്.ഐ തസ്തികകൾ സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് – ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ കത്തിൽ അദ്ദേഹം വ്യക്തമാക്കി. സ്റ്റേഷനുകളിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ (സ്റ്റേഷൻഹൗസ് ഓഫീസർ) സംവിധാനം നടപ്പാക്കിയതിന്റെ മറവിലാണ് 268 എസ്.ഐ തസ്തികകൾ നിറുത്തലാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻസ്പെക്ടർമാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കാതെ, എസ്.ഐമാർക്ക് സ്ഥാനക്കയറ്റം നൽകിക്കൊണ്ടായിരുന്നു സ്റ്റേഷനുകളിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സംവിധാനം നടപ്പാക്കിയത്. എസ്.ഐമാരുടെ തസ്തികകൾ നിറുത്തലാക്കാനാണ് ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ഡി.ജി.പിക്ക് നിർദ്ദേശം നൽകിയത്.

സർക്കിൾ ഇൻസ്‌പെക്ടറുടേതാക്കി അപ്ഗ്രേഡ് ചെയ്ത 268 എസ്.ഐ തസ്തികകൾ ഉടനടി ഒഴിവാക്കണമെന്ന് ആഭ്യന്തര(എ)വകുപ്പ് ഡി.ജി.പിക്ക് ഉത്തരവും നൽകി. ഈ നിർദ്ദേശം അപ്രായോഗികമാണെന്ന് ഡി.ജി.പി അറിയിച്ചിരുന്നെങ്കിലും ആഭ്യന്തരവകുപ്പ് അനങ്ങിയില്ല.

ഇതിനുപിന്നാലെയാണ് ഇൻസ്‌പെക്ടർമാരെ സ്റ്റേഷൻ അധികാരികളാക്കി (എസ്.എച്ച്.ഒ) കുറ്റാന്വേഷണവും ക്രമസമാധാനപാലനവും വേർതിരിച്ച കേരള പൊലീസിന്റെ മാതൃക അതേപടി എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിയോഗിച്ച ഡി.ജി.പിമാരുടെ സ്റ്റാൻഡിംഗ് കമ്മിറ്റി നിർദ്ദേശിച്ചത്.

ഉത്തരവ് ഉടനടി നടപ്പാക്കാൻ നിർദ്ദേശിച്ച് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസയച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ എസ്.ഐ തസ്തികകൾ കൂട്ടത്തോടെ ഇല്ലാതാക്കിയാൽ, 464 സ്റ്റേഷനുകളിൽ ഫലപ്രദമായി നടപ്പാക്കിയ സംവിധാനം തകരും.

പുതിയ സംവിധാനത്തിൽ ക്രമസമാധാനം, കുറ്റാന്വേഷണം എന്നിങ്ങനെ രണ്ട് എസ്.ഐമാർ സ്റ്റേഷനുകളിലുണ്ടാവേണ്ടതാണ്. ഇപ്പോൾ ഇത്രയും എസ്.ഐമാർ കഷ്ടിച്ചേയുള്ളൂ. ഒരു എസ്.ഐ മാത്രമുള്ള സ്റ്റേഷനുകളിൽ എസ്.എച്ച്.ഒ തസ്തിക ഇൻസ്‌പെക്ടറുടേതാക്കിയപ്പോൾ എസ്.ഐ തസ്തികയിൽ ആളില്ലാത്ത സ്ഥിതിയുണ്ടായിരുന്നു.

നേരത്തേ സ്റ്റേഷൻ അധികാരിയായിരുന്ന പ്രിൻസിപ്പൽ എസ്.ഐക്ക് ക്രമസമാധാനപാലനത്തിന്റെയും അഡി.എസ്.ഐക്ക് കുറ്റാന്വേഷണത്തിന്റെയും ചുമതല നൽകി നടപ്പാക്കിയ പരിഷ്‌കാരം ഏതാനും മാസങ്ങൾ കൊണ്ട് ഫലംകണ്ടുതുടങ്ങി. കുറ്റാന്വേഷണവും ക്രമസമാധാനപാലനവും മെച്ചപ്പെട്ടു, മേൽനോട്ടം ഫലപ്രദമായി.

പാസ്പോർട്ട് അടക്കമുള്ള എല്ലാത്തരം വെരിഫിക്കേഷനുകളും വേഗത്തിലായി. സ്റ്റേഷനുകളുടെ കാര്യക്ഷമതയും മെച്ചപ്പെട്ടു. എന്നാൽ, ജോലിഭാരത്താൽ ആത്മഹത്യകൾ പെരുകുന്ന സേനയിൽ 268 എസ്.ഐമാർ ഇല്ലാതാവുന്നത് പ്രവർത്തനമാകെ താളംതെറ്റിക്കും. സർക്കാർ ഉത്തരവ് പരിഷ്‌കരിച്ച് ഇൻസ്‌പെക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കുകയാണ് വേണ്ടതെന്നും കത്തിൽ വിശദീകരിച്ചു.

താളം തെറ്റിയ നിയമനങ്ങൾ

എസ്.ഐ കേഡറിൽ 268 തസ്തികകൾ കുറവുചെയ്താലേ ഇനി നിയമനം നടത്താനാവൂ എന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്.

2017ൽ സായുധപൊലീസ് ബറ്റാലിയനിൽ നിന്ന് റിപ്പോർട്ട് ചെയ്ത 34 എസ്.ഐ തസ്തികകൾ ഇതുവരെ പി.എസ്.സിയെ അറിയിക്കാതെ പൂഴ്ത്തിവച്ചിരിക്കുന്നു.

70 മുതിർന്ന എസ്.ഐമാർക്ക് സി.ഐമാരായി സ്ഥാനക്കയറ്റം നൽകാനുള്ള ശുപാർശ വൈകിപ്പിക്കുന്നു. ഇതുവഴി 70 എസ്.ഐ ഒഴിവുകൾ ഉണ്ടാവേണ്ടതാണ്.

വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന സംവരണവിഭാഗങ്ങളുടെ 19 തസ്തികകൾ അടുത്തിടെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതെങ്കിലും നിയമനമായില്ല.

2015ൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള റാങ്ക്പട്ടിക മാർച്ച് 14നാണ് നിലവിൽവന്നത്. ലിസ്റ്റിൽ 500ലേറെപ്പേരുണ്ട്. ലിസ്റ്റിന്റെ കാലാവധി ഈ മാർച്ചിൽ തീരും.
2232 സബ് ഇൻസ്‌പെക്ടർ തസ്തികകളാണ് പൊലീസിൽ  എസ് ഐമാരുടെ 268 തസ്തികകൾ സൃഷ്ടിക്കാൻ ആഭ്യന്തരവകുപ്പിന് ശുപാർശ നൽകിയിട്ടുണ്ട്.ഉപതെരഞ്ഞെടുപ്പുകൾ കഴിഞ്ഞാലുടൻ തീരുമാനമായേക്കും.

ലോക്‌നാഥ് ബെഹ്‌റ
പൊലീസ് മേധാവി