
തൃശൂര്‍: പീച്ചി പൊലീസ് സ്റ്റേഷനിലെ എസ്ഐ പിഎം രതീഷിനെതിരെ വീണ്ടും ഗുരുതര ആരോപണം. കള്ളക്കേസിൽ കുടുക്കി ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായി വില്ലേജ് അസിസ്റ്റന്റ് അസ്ഹര്‍ രംഗത്തെത്തി. തന്നെ കള്ളക്കേസിൽ കുടുങ്ങി സ്റ്റേഷനിൽ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും അസ്ഹര്‍ പറഞ്ഞു. വീട്ടിൽ വന്ന് ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി.
2018 ലാണ് സംഭവം നടന്നതെന്നും അസ്ഹര്‍ പറഞ്ഞു. അന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിൽ ക്ലര്‍ക്കായിരുന്നു താനെന്ന് അസ്ഹര്‍ പറഞ്ഞു. അയൽവാസിയുമായുള്ള അതിർത്തി തർക്കത്തിന്റെ പേരിലാണ് മണ്ണുത്തി സ്റ്റേഷനിലേക്ക് രതീഷ് വിളിച്ചുവരുത്തിയതെന്ന് അസ്ഹര്‍ പറഞ്ഞു.
കേസ് സംസാരിക്കുന്നതിനിടെ എസ്ഐ രതീഷ് ചെകിടത്തടിക്കുകയായിരുന്നു. തുടര്‍ന്ന് കാൽവെള്ളയിൽ തല്ലി. ജാമ്യമില്ല മൂന്നു വകുപ്പുകൾ ചുമത്തി കേസെടുത്തു. കേസിന് പിന്നാലെ തന്നെ സര്‍വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തുവെന്നും മൂന്നുകൊല്ലം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് നിരപരാധി എന്ന് തെളിയിച്ച സർവീസിൽ തിരിച്ചു കയറിയതെന്നും അസ്ഹര്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് ഒതുക്കി തീർക്കണമെങ്കിൽ രണ്ടുലക്ഷം തരണമെന്ന് രതീഷ് ആവശ്യപ്പെട്ടിരുന്നു.കേസ് നടക്കുന്നതിനിടെയാണ് വീട്ടിലെത്തി തന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയത്. വളരെ മോശമായ ഭാഷയിലാണ് സംസാരിച്ചത്. ഭയം മൂലമാണ് ഇതുവരെ ഇക്കാര്യങ്ങളൊന്നും പുറത്തു പറയാതിരുന്നത്. പുറത്തുപറഞ്ഞാൽ ഇനിയും കുടുക്കുമെന്ന് രതീഷ് ഭീഷണിപ്പെടുത്തി. സംഭവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നൽകുമെന്നും അസ്ഹർ പറഞ്ഞു.