
കോട്ടയം: യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ സ്റ്റേഷനിൽ പൊലീസ് വളഞ്ഞിട്ട് ക്രൂരമായി മർദിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നത് 2025 സെപ്റ്റംബറിലാണ്.
രണ്ടര വര്‍ഷം നിയമവഴിയിലൂടെ സഞ്ചരിച്ചപ്പോഴാണ് സുജിത്തിന് ആ ദൃശ്യങ്ങൾ ലഭിച്ചത്. ഇപ്പോഴിതാ എറണാകുളം നോര്‍ത്ത് സ്റ്റേഷനിൽ ഷൈമോൾക്കേറ്റ ക്രൂരദൃശ്യവും പുറത്തെത്താൻ വേണ്ടിവന്നത് ഒരു വർഷം നീണ്ട നിയമപോരാട്ടം.
രണ്ടിടത്തും രക്ഷയ്‌ക്കെത്തിയത് സുപ്രീം കോടതിയുടെ ഇടപെടലിൽ പൊലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളും.
രണ്ടുപേരെ മഫ്തിയിലെത്തിയ പൊലീസുകാർ മർദിച്ച് ജീപ്പിൽ കയറ്റുന്നത് ഫോണിൽ പകർത്തിയതാണ് ഷൈമോളുടെ ഭർത്താവിനെ സ്റ്റേഷനിലെത്തിച്ച് മർദിക്കാൻ കാരണമായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുസ്ഥലത്തു മൂന്നു യുവാക്കളെ പൊലീസ് പട്രോളിങ് സംഘം മർദിക്കുന്നത് ചോദ്യം ചെയ്തതാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്തിനെ മർദിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്. രണ്ടു സംഭവത്തിലും സ്റ്റേഷനിലെത്തിച്ചാണ് ക്രൂരമായി മർദനം നടത്തിയത്.
എന്നാൽ എറണാകുളത്ത് അന്യായമായി പൊലീസ് പിടികൂടിയ ഭർത്താവിനെ തിരക്കി എത്തിയ ഭാര്യയ്ക്കാണ് എസ്എച്ച്ഒയുടെ ക്രൂര മർദനമേറ്റത്.
വിവരാവകാശ നിയമപോരാട്ടത്തിലൂടെയാണ് സുജിത്തിനു സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. എന്നാൽ ആ പോരാട്ടം അത്ര എളുപ്പമായിരുന്നില്ല. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് സുജിത്ത് നൽകിയ വിവരാവകാശ അപേക്ഷ പൊലീസ് ആദ്യം തള്ളി.
എന്നാൽ, അപ്പീലിൽ സംസ്ഥാന വിവരാവകാശ കമ്മിഷൻ അനുകൂല നിലപാടെടുത്തു. എന്നിട്ടും പൊലീസ് ദൃശ്യങ്ങൾ നൽകാതിരുന്നതോടെ ഇരുകക്ഷികളെയും കമ്മിഷൻ നേരിട്ടു വിളിച്ചുവരുത്തി. ദൃശ്യങ്ങൾ കൈമാറാൻ പൊലീസിനു കർശന നിർദേശം നൽകുകയായിരുന്നു.



