ഈ വർഷത്തെ മകരവിളക്കിന് അപൂർവ്വതകൾ ഏറെ; സന്നിധാനത്ത് നടന്നത് വിപുലമായ ശുദ്ധിക്രിയ
സ്വന്തം ലേഖകൻ
ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് പ്രത്യേക ശുദ്ധിക്രിയകൾ നടന്നു. മകരവിളക്കിന് മുമ്പായി ആചാരലോപങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് പരിഹാരമായാണ് ശുദ്ധിക്രിയ നടത്തിയത്. സാധാരണ ശുദ്ധിക്രിയ പതിവാണെങ്കിലും ഇത്തവണ യുവതികൾ കയറിയതുമായി ബന്ധപ്പെട്ട് തുടർച്ചയായി വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ പ്രത്യേക ശുദ്ധിക്രിയകളാണ് നടന്നത്.
ക്രിയകളുടെ ഭാഗമായി പ്രസാദ ശുദ്ധി, സ്ഥലശുദ്ധി, പഞ്ചകലശത്തോടു കൂടിയ ബിബം ശുദ്ധി എന്നിവ നടന്നു. തിങ്കളാഴ്ച രാത്രി 7.52നാണ് സംക്രമപൂജ. ദീപാരാധനയ്ക്ക് ശേഷം മകരസംക്രമം നടക്കുന്നത് അപൂർവമായാണ്. ഈ സമയം, ആചാരപൂർവം തിരുവിതാംകൂർ കൊട്ടരത്തിൽ നിന്നും കൊണ്ടുവരുന്ന ദ്രവ്യങ്ങളാൽ അയ്യപ്പന് അഭിഷേകം നടത്തും. തുടർന്ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടു കൂടി ഈ വർഷത്തെ മണ്ഡലം മകരവിളക്ക് ഉത്സവത്തിന് സമാപനമാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ശബരിമലയിൽ ഒട്ടേറെ ആചാര ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. അരയ സമുദായമാണ് തേനഭിഷേകം നടത്തിയിരുന്നത് എന്നാണു പറച്ചിൽ. ഭസ്മക്കുളത്തിൽ മുങ്ങിക്കുളിച്ചാണ് അയ്യപ്പന്മാർ മല ചവിട്ടിയിരുന്നത്. ആ ഭസ്മക്കുളം മൂടി. പതിനെട്ടാം പടി പഞ്ചലോഹം കൊണ്ടു മൂടി. കാനന ക്ഷേത്രമായ ശബരിമലയിൽ ഇത്രയധികം കെട്ടിടങ്ങൾ എങ്ങനെയുണ്ടായി. ഇങ്ങനെ ഒരുപാട് സംഭവങ്ങളുണ്ട്. ആചാരം ഏത്, ആചാര വിരുദ്ധം ഏത് എന്നീക്കാര്യത്തിൽ ചർച്ച വേണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ വ്യക്തമാക്കി.