
ഡൽഹി : ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല മടങ്ങിയെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ ദൗത്യത്തിനുശേഷമാണ് ശുഭാൻഷു തിരിച്ചെത്തിയത്. ഐഎസ്‌ആർഒ ചെയർമാനും ഡല്‍ഹി മുഖ്യമന്ത്രിയും കുടുംബാംഗങ്ങള്‍ക്കൊപ്പം ശുഭാൻശുവിനെ സ്വീകരിച്ചു.
ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളിലൊരാളായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരും ശുഭാൻഷുവിനൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുമായി ശുഭാൻശു കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ഓഗസ്റ്റ് 23 ന് ദേശീയ ബഹിരാകാശ ദിനാചരണ പരിപാടികളിലും ശുഭാൻശു പങ്കെടുക്കും. ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും,അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമായാണ് ശുഭാൻഷു ചരിത്രം കുറിച്ചത്. ആക്സിയം 4 ദൗത്യത്തിലെ ശുഭാൻഷുവിൻ്റെ അനുഭവങ്ങള്‍ ഇന്ത്യയുടെ വരുംകാല ബഹിരാകാശ ദൗത്യങ്ങളില്‍ നിർണായകമാകും.ഇന്ത്യയിലേക്ക് മടങ്ങും മുൻപ് ശുഭാൻഷു തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“ഇന്ത്യയിലേക്ക് മടങ്ങാനായി വിമാനത്തിലിരിക്കുമ്പോൾ എൻ്റെ ഹൃദയത്തില്‍ വികാരങ്ങള്‍ ഒഴുകിയെത്തുന്നു. കഴിഞ്ഞ ഒരു വർഷക്കാലമായി എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായിരുന്ന അത്ഭുതകരമായ ഒരു കൂട്ടം ആളുകളോട് വിട പറയുന്നതില്‍ എനിക്ക് ദുഃഖമുണ്ട്. അതേസമയം ദൗത്യത്തിനുശേഷം ആദ്യമായി എൻ്റെ രാജ്യത്തെയും സുഹൃത്തുക്കളെയും കുടുംബത്തെയുമെല്ലാം കാണാൻ പോകുന്നതിലുള്ള ആവേശത്തിലാണ് ഞാൻ. ജീവിതം ഇതാണെന്ന് ഞാൻ കരുതുന്നു,” എന്നാണ് അദ്ദേഹം കുറിപ്പിൽ എഴുതിയത്.