എസ്.എച്ച് മൗണ്ടിലെ ഫിനിക്‌സ് വിദേശ ജോലി തട്ടിപ്പ്: സ്ഥാപന ഉടമയുടെ അച്ഛനും, സഹോദരനും അറസ്റ്റിൽ: ഇരുവരെയും റിമാൻഡ് ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: എസ്എച്ച് മൗണ്ടിലെ ഫിനിക്‌സ് തട്ടിപ്പുകേസിൽ സ്ഥാപനം ഉടമ റോബിന്റെ അച്ഛനും സഹോദരനും അറസ്റ്റിലായി. ഇരുവരെയും ഗാന്ധിനഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്. റോബിന്റെ അച്ഛൻ കൈപ്പുഴ ഇടമറ്റം വീട്ടിൽ മാത്യു (60), സഹോദരൻ തോമസ് മാത്യു (32) എന്നിവരെയാണ് ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ധനപാലൻ അറസ്റ്റ് ചെയ്തത്. ഇരുവരെയും ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തു.
കേസിലെ പ്രതിയായ റോബിൻ മാത്യുവിന്റെ അച്ഛനും സഹോദരനും കേസുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. തുടർന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. ഇരുവർക്കും സ്ഥാപനത്തിന്റെ ദൈനന്തിന പ്രവർത്തനങ്ങളെപ്പറ്റി കൃത്യമായ അറിവുണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന സൂചന. സാമ്പത്തിക ഇടപാട് അടക്കമുള്ള കാര്യങ്ങളിൽ ഇവരുർക്കും അറിവുണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്.
ഇതിനിടെ റോബിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അക്കൗണ്ടിൽ നിന്നും തുക പിൻവലിച്ചതു സംബന്ധിച്ചുള്ള കൃത്യമായ രേഖകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. അക്കൗണ്ടിൽ കിടന്ന തുക പിൻവലിച്ചത് വ്യക്തമാക്കുന്നത് തട്ടിപ്പിനായി റോബിൻ തയ്യാറെടുപ്പു നടത്തിയിരുന്നു എന്നു തന്നെയാണ്.
റോബിന്റെ ഇടപാടുകളിൽ മാത്യുവും തോമസും ഇടപെട്ടിരുന്നതായി പണം നഷ്ടമായവരിൽ പലരും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, സ്ഥാപനവുമായി ഇവർക്കുള്ള ബന്ധം കൃത്യമായി കണ്ടെത്താൻ സാധിച്ചിട്ടില്ല. സ്ഥാപനത്തിന്റെ ലൈസൻസ് അടക്കമുള്ള രേഖകൾ പ്രതികൾ മാറ്റിയിട്ടുണ്ട്. ഇത് അടക്കമുള്ളവ പുറത്ത് വന്നെങ്കിൽ മാത്രമേ നിലവിൽ അറസ്റ്റിലായവർക്ക് സ്ഥാപനവുമായുള്ള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പൊലീസിനു ലഭിക്കുകയുള്ളൂ.
ഇതിനിടെ പ്രതിയായ റോബിൻ രാജ്യത്തിന് പുറത്തേയ്ക്കു കടന്നതായുള്ള നിഗമനം പൂർണമായും പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. വിദേശത്തേയ്ക്ക് കടന്നതായി പ്രചരിപ്പിച്ച ശേഷം സംസ്ഥാനത്തിന് പുറത്ത് ഒളിവിൽ കഴിയാൻ റോബിൻ ശ്രമിക്കുന്നതായാണ് അന്വേഷണ സംഘം കരുതുന്നത്.
ഇതിനിടെ കേസിലെ പ്രതിയായ റോബിനെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.