
ദില്ലി: ഇന്ത്യയിൽ ഷോർട്ട്-വീഡിയോ ഉള്ളടക്കത്തിന്റെ ജനപ്രീതി നിരന്തരം വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഷോർട്-വീഡിയോ കാഴ്ചക്കാരിൽ ഇൻസ്റ്റഗ്രാം റീൽസ് മുന്നിലെത്തിയതായി മെറ്റ അവകാശപ്പെടുന്നു. അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, യൂട്യൂബ്, ടിവി, മറ്റ് എല്ലാ പ്ലാറ്റ്ഫോമുകളെയും ഇൻസ്റ്റ റീൽസ് മറികടന്നുവെന്നും മെറ്റ പറയുന്നു. ഇൻസ്റ്റഗ്രാം റീൽസ് ഇന്ത്യയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ സമയത്താണ് ഈ നേട്ടം കൈവരിച്ചത്.
മെറ്റ നടത്തിയ IPSOS പഠനത്തിൽ, രാജ്യത്തുടനീളമുള്ള 33 നഗരങ്ങളിൽ നിന്നുള്ള 3,500-ലധികം ആളുകളുമായി സംസാരിച്ചു. ഈ ഫലങ്ങൾ അനുസരിച്ച്, ഷോർട്ട്-ഫോം വീഡിയോകൾ ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഉള്ളടക്കമായി മാറിയിരിക്കുന്നു. ഏകദേശം 97 ശതമാനം ആളുകളും ഏതെങ്കിലും പ്ലാറ്റ്ഫോമിൽ ഷോർട്ട് വീഡിയോകൾ ദിവസവും കാണുന്നു. അവരിൽ 92 ശതമാനം പേരും റീലുകളെയാണ് തങ്ങളുടെ ആദ്യ ചോയ്സായി കണക്കാക്കുന്നതെന്നും മെറ്റ പറയുന്നു.
ജെൻ-സി ഗ്രൂപ്പിലും നഗരങ്ങളിലെ ഉയർന്ന വരുമാനമുള്ള ഗ്രൂപ്പുകളിലും (NCCS A, B) ഏറ്റവും ജനപ്രിയമായ വീഡിയോ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം റീൽസ് എന്നും പഠനം വെളിപ്പെടുത്തി. ബ്രാൻഡ് കണ്ടെത്തലിലും ക്രിയേറ്റേഴ്സിന്റെ ഇടപെടലിലും റീൽസ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് മെറ്റ അവകാശപ്പെടുന്നു. ഇന്ത്യയിലെ 80 ശതമാനം ആളുകളും തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ പുതിയ ബ്രാൻഡുകൾ കണ്ടെത്തുന്നുണ്ടെന്ന് മെറ്റ പറഞ്ഞു. പരമ്പരാഗത ദൈർഘ്യമേറിയ വീഡിയോ പരസ്യങ്ങളേക്കാൾ രണ്ട് മടങ്ങ് കൂടുതൽ അവിസ്മരണീയവും നാല് മടങ്ങ് കൂടുതൽ സന്ദേശ അസോസിയേഷനുകൾ സൃഷ്ടിക്കുന്നതുമാണ് റീൽസിലെ പരസ്യങ്ങൾ. മാത്രമല്ല, റീൽസ് പരസ്യങ്ങൾ ബ്രാൻഡ് മെട്രിക്സ് 1.5 മടങ്ങ് കൂടുതൽ ഫലപ്രദമായി വർധിപ്പിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റീൽസ് ഇപ്പോൾ സാംസ്കാരിക സംഭാഷണത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നുവെന്ന് മെറ്റ പറയുന്നു. ഫാഷനും ട്രെൻഡുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്ലാറ്റ്ഫോമിൽ 40% കൂടുതൽ കാണുന്നു, സൗന്ദര്യ, മേക്കപ്പ് വീഡിയോകൾ 20% കൂടുതൽ കാണുന്നു, സംഗീതവും സിനിമയുമായി ബന്ധപ്പെട്ട ഉള്ളടക്കവും 16% കൂടുതൽ കാണുന്നു. റീൽസിന്റെ മുഴുവൻ ശക്തിയും പ്രയോജനപ്പെടുത്തുന്നതിന്, മാർക്കറ്റർമാർ റീൽസ് ഫോർമാറ്റിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത പുതിയതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ സൃഷ്ടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മെറ്റ വ്യക്തമാക്കി. ഇതിനുപുറമെ ഒറിജിനലും സാംസ്കാരികപരവുമായ കണ്ടന്റ് അവതരിപ്പിക്കുന്നതിന് ക്രിയേറ്റേഴ്സുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് ബ്രാൻഡുകൾക്ക് ഗുണകരമാണെന്നും മെറ്റ പറയുന്നു.