മലയോര മേഖലയിൽ ഒളിച്ചു കളിച്ചു വൈദ്യുതി ; ഉപഭോക്താക്കളെ വട്ടം കറക്കി കെ. എസ്‌.ഇ. ബി

മലയോര മേഖലയിൽ ഒളിച്ചു കളിച്ചു വൈദ്യുതി ; ഉപഭോക്താക്കളെ വട്ടം കറക്കി കെ. എസ്‌.ഇ. ബി

സ്വന്തംലേഖകൻ

കാഞ്ഞിരപ്പള്ളി : ‘ദേ വന്നു ദേ പോയി.ഇതാണു് കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിലെ വൈദ്യുതി വിതരണത്തിന്റെ അവസ്ഥ .കോടി കണക്കിന്നു രൂപ ചെലവിട്ട് കാഞ്ഞിരപ്പള്ളി നഗരത്തിലും മുണ്ടക്കയം, എരുമേലി പട്ടണങ്ങളിലും 11 കെവി ലൈനുകൾ കേബിൾ വഴിയാക്കിയിട്ടും കാര്യമായ പ്രയോജനമില്ലാത്ത സ്ഥിതിയായി.കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിലെ വൈദ്യുതി സബ് സ്റ്റേഷനുകൾ 66 കെ വി യിൽ നിന്നും 110 ആക്കിയിട്ടും കൂട്ടിക്കൽ, മണിമല എന്നിവിടങ്ങളിൽ 33 കെ വി സബ് സ്റ്റേഷനുകൾ ആരംഭിച്ചും എരുമേലിയിൽ 110 കെവി സബ് സ്റ്റേഷൻ തുടങ്ങിയിട്ടും വൈദുതി വിതരണ തടസത്തിൽ നിന്നും കിഴക്കൻ മലയോരം ഇനിയും മോചിതമായിട്ടില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു.
മാനമൊന്ന് കറുത്താൽ മതി മലയോര മേഖല ഇരുട്ടിലാകാൻ. രാവും പകലും ഇതു തന്നെ സ്ഥിതി. രാത്രിയിൽ പോകുന്ന വൈദ്യുതി തിരിച്ചെത്തുന്നത് പലപ്പോഴും പിറ്റേ ദിവസമാണ്. ബ്രിഡ്ജിംഗ് പോകൽ, ലൈൻ സ്ലിപ്പു് ചെയ്യൽ, ഫൂസു പോകൽ, 11 കെവി തകരാർ എന്നിങ്ങനെ കെഎസ്ഇബി തകരാറുകൾക്ക് പല വാക്കുകൾ പറയാറുണ്ടെങ്കിലും പലപ്പോഴും തകരാറുകൾ ഒരു ദിവസം തന്നെ പല തവണ ആവർത്തിക്കുന്നതോടെ ഉപഭോക്താക്കൾ വലയുക പതിവായി. ഉപഭോക്താക്കളുടെ എണ്ണമനുസരിച്ച് സെക്ഷൻ ഓഫീസുകളിൽ ലൈൻ മാൻമാർ ഇല്ലാത്തപ്പോഴും ജീവനക്കാർ പരമാവധി പണിപ്പെട്ട് ഒരളവുവരെ തകരാറുകൾ പരിഹരിക്കാറുണ്ട്.
കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്നു കിടക്കുന്ന പാറക്കടവിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി എത്തുന്നത് മൂന്നു കിലോമീറ്റർ മരങ്ങൾക്കിടയിലൂടെ ചുറ്റികറങ്ങിയാണ്. കാഞ്ഞിരപ്പള്ളി കെ എം എ ജംഗ്ഷനിൽ വന്നു നിൽക്കുന്ന ത്രീ ഫെയ്സ് ലൈൻ 350 മീറ്റർ മാത്രം അകലെയുള്ള പാറക്കടവ് വരെ നീട്ടു വാനും ഇവിടെ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുകയും ചെയ്താൽ വൈദ്യുതി പ്രശ്നത്തിന് ഒരളവുവരെ പരിഹാരമാകും.
കെ എസ് ഇ ബിയുടെ സെക്ഷൻ ഓഫീസുകളുടെ കീഴിലുള്ള ഉപഭോക്താക്കളുടെ എണ്ണമനുസരിച്ച് ലൈൻമാൻമാരുടെ നിയമനം നടത്തണമെന്ന ആവശ്യം അനന്തമായി നീളുന്നതോടെ അറ്റകുറ്റപണികളും വൈകുകയാണ്.