video
play-sharp-fill
കോട്ടയം ന​ഗരത്തിൽ നടപ്പാതകൾ കയ്യേറി കച്ചവടം; വഴിയോരക്കച്ചവടക്കാർ മുതൽ വ്യാപാര സ്ഥാപനങ്ങളിലെ ഡിസ്പ്ലേ വരെ നടപ്പാതയിൽ; പരാതിപറഞ്ഞിട്ടും നടപടിയെടുക്കാതെ മുഖംതിരിച്ച് ന​ഗരസഭ; ഓടകൾ നന്നാക്കാനെന്ന പേരിൽ മിനുക്കുപണികൾ നടത്തിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ; ഹോട്ടലുകളിലെ മാലിന്യം ഓട വഴി മീനച്ചിലാറ്റിലേക്ക്; നടപടിയെടുക്കാതെ അധികൃതർ

കോട്ടയം ന​ഗരത്തിൽ നടപ്പാതകൾ കയ്യേറി കച്ചവടം; വഴിയോരക്കച്ചവടക്കാർ മുതൽ വ്യാപാര സ്ഥാപനങ്ങളിലെ ഡിസ്പ്ലേ വരെ നടപ്പാതയിൽ; പരാതിപറഞ്ഞിട്ടും നടപടിയെടുക്കാതെ മുഖംതിരിച്ച് ന​ഗരസഭ; ഓടകൾ നന്നാക്കാനെന്ന പേരിൽ മിനുക്കുപണികൾ നടത്തിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ; ഹോട്ടലുകളിലെ മാലിന്യം ഓട വഴി മീനച്ചിലാറ്റിലേക്ക്; നടപടിയെടുക്കാതെ അധികൃതർ

കോട്ടയം: ​ന​ഗരത്തിൽ നടപ്പാതകള്‍ കയ്യേറി കച്ചവടം നടത്തുന്നത് വർധിക്കുന്നു. ന​ഗരത്തിലെ വിവിധയിടങ്ങളിൽ കാൽനടക്കാർക്ക് നടക്കാനാകാത്ത തരത്തിലാണ് കച്ചവടക്കാർ നടപ്പാതയിൽ അനധികൃതമായി വിൽപ്പന നടത്തുന്നത്. വഴിയോരക്കച്ചവടക്കാര്‍ മുതല്‍ വ്യാപാര സ്ഥാപനങ്ങളിലെ ഡിസ്പ്ലേ വരെ നടപ്പാതയിലേക്ക് ഇറക്കിവെച്ചിരിക്കുകയാണ്.

തിരക്കേറിയ റോഡിലേക്ക് കാല്‍നടയാത്രക്കാര്‍ ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. നടപ്പാതകളില്‍ തടസം സൃഷ്ടിച്ചാണ് അനധികൃത പാര്‍ക്കിങ്ങും തട്ടുകടകളും ചെറുകിട കച്ചവടങ്ങളും നടത്തുന്നത്. രാത്രികാലങ്ങളില്‍ നടപ്പാത കയ്യേറിയാണ് കച്ചവടം.

കച്ചവടം കഴിഞ്ഞ് ഉന്തുവണ്ടികളും കച്ചവടസാമഗ്രികളും സൂക്ഷിച്ചു വയ്ക്കുന്നതും നടപ്പാതകളിലാണ്. ചിലരാകട്ടേ നടപ്പാത കെട്ടിയടച്ച്‌ അവിടെ ഡിസ്പ്ലേയും സ്ഥാപിച്ചു കഴിഞ്ഞു. ആളുകള്‍ വേണമെങ്കില്‍ റോഡില്‍ ഇറങ്ങി നടക്കട്ടേയെന്ന നിലപാടാണ് ഇത്തരക്കാര്‍ക്കുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ നടന്നു പോകുന്ന എസ്.എച്ച്‌. മൗണ്ട് ചവിട്ടുവരി ജംങ്ഷനിലാണ് വ്യാപാരികൾ പരസ്യമായി നടപ്പാത കയ്യേറിയിരിക്കുന്നത്. ന‌ടപ്പാത കയ്യേറി അനധികൃതമായി കച്ചവടം ന‌ടത്തിയിട്ടും കോട്ടയം ന​ഗരസഭ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. ഹോട്ടലുകളിലെ മാലിന്യം ഓട വഴി ഒഴുകുന്നത് മീനച്ചിലാറ്റിലേക്ക്. പരാതി പറഞ്ഞിട്ടും ആരോ​ഗ്യവകുപ്പും തിരിഞ്ഞുനോക്കാത്ത അവസ്ഥയിലാണ്.

നാട്ടുകാര്‍ പരാതിപറഞ്ഞിട്ടും നടപ്പാത കെട്ടിയടച്ചതു തുറന്നു നല്‍കാന്‍ നടപടിയില്ല. പരസ്യമായി അനധികൃത കയ്യേറ്റം നടത്തിയിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. എന്നാൽ, പൊട്ടിപ്പൊളിഞ്ഞും തകർന്നും കിടക്കുന്ന നടപ്പാത നന്നാക്കാനും ന​ഗരസഭ നടപടിയെടുക്കുന്നില്ല.

ആഴ്ചകള്‍ക്കു മുമ്പ് ഓടകള്‍ നന്നാക്കാനെന്ന പേരില്‍ മിനുക്കുപണികള്‍ നടത്തിയെങ്കിലും കുഴികള്‍ ഇപ്പോഴും ബാക്കിയാണ്. ബേക്കര്‍ ജങ്ഷന്‍, കഞ്ഞിക്കുഴി, എം.സി. റോഡ്, കെ.എസ്.ആര്‍.ടി.സി. തുടങ്ങി നിരവധിയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന നടപ്പാതകള്‍ പലതും തകര്‍ന്ന് കിടക്കുകയാണ്.

നടപ്പാതയിലെ ഇന്റലോക്ക് ടൈലുകളാണു തകര്‍ന്നിരിക്കുന്നത്. നടക്കാന്‍ കഴിയാത്ത തരത്തില്‍ ടൈലുകള്‍ ഇളകിയ നിലയിലാണ്. എന്നിട്ടും അധികൃതർ കണ്ണടക്കുന്നു. കാല്‍നട യാത്രക്കാര്‍ക്കു സുരക്ഷിതമായി സഞ്ചരിക്കാനാണു നടപ്പാതകളെങ്കിലും നഗരത്തില്‍ ഇവ നോക്കുകുത്തിയാകുകയാണ്.