തലസ്ഥാനത്ത് റെഡിമെയ്‌ഡ് കടയിൽ കവർച്ച; ചാക്കിലാക്കി കൊണ്ടുപോയത് വസ്ത്രങ്ങളും, വാച്ചുകളും, പെർഫ്യൂമുകളും

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്തെ റെഡിമെയ്ഡ് കടയില്‍ കവർച്ച. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. മുക്കോല ഉച്ചക്കട റോഡില്‍ പെട്രോള്‍ പമ്പിന് സമീപം പ്രവർത്തിക്കുന്ന റോയല്‍ മെൻസ് വെയർ എന്ന കടയിലാണ് കവർച്ച നടന്നത്.പൂട്ടുപൊളിച്ച്‌ കടയ്ക്കകത്ത് കടന്ന മോഷ്ടാക്കള്‍ തുണിത്തരങ്ങളും പണവും കവർന്നു. ഒപ്പം കടയിലുണ്ടായിരുന്ന വിവിധതരം വാച്ചുകള്‍, പെർഫ്യൂമുകള്‍ എന്നിവയും ചാക്കുകളിലാക്കി കടത്തിക്കൊണ്ട് പോയി. കടയിലുണ്ടായിരുന്ന 4000 രൂപയാണ് മോഷണം പോയത്.

മോഷ്ടാക്കളെ സംബന്ധിച്ചുള്ള ചില സൂചനകള്‍ പോലീസിന് ലഭിച്ചു. രണ്ട് പേരാണ് കടയിലെത്തി സാധനങ്ങള്‍ മോഷ്ടിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും കണ്ടെത്തിയത്. ഇവർ മാസ്ക് ധരിച്ചായിരുന്നു കടയിലെത്തിയത്. ചാക്കുകളില്‍ വസ്ത്ര ശേഖരം നിറച്ച്‌ ഇരുചക്ര വാഹനത്തില്‍ കടത്തിക്കൊണ്ടു പോയി എന്നാണ് ലഭിക്കുന്ന വിവരം. സംഭവസ്ഥലത്ത് വിഴിഞ്ഞം പോലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പോലീസ് അന്വേഷണം ആരംഭിച്ചു.