
സ്വന്തം ലേഖകൻ
മലയിൻകീഴ്: കാഴ്ച ശക്തി കുറഞ്ഞിട്ടും സ്വന്തമായി അധ്വാനിച്ച് ജീവിക്കാൻ തീരുമാനിച്ച രാജുവിന് വീണ്ടും തിരിച്ചടി. ആരെയും ആശ്രയിക്കാതെ ജീവിക്കാനാണ് വിളപ്പിൽശാല ചൊവ്വള്ളൂർ പ്ലാക്കോട് ദീപാ ഭവനിൽ സി.രാജു ( 65 ) പഴയ ഇരുമ്പ് പെട്ടിക്കട കടമായി വാങ്ങിയത്. പക്ഷേ, ഒരു ദിവസം പോലും കച്ചവടം നടത്താൻ രാജുവിന് സാധിച്ചില്ല.
പെട്ടിക്കട റോഡരികിൽ വച്ചതിന്റെ പിറ്റേന്നു രാത്രി തന്നെ മോഷണം പോയി. ചായയും പലഹാരങ്ങളും തയാറാക്കി വിൽക്കുന്നതിനായാണു രാജു 18ന് പരിചയക്കാരന്റെ പക്കൽ നിന്ന് ചെറിയ ഇരുമ്പ് പെട്ടിക്കട സംഘടിപ്പിച്ചത്. 20,000 രൂപയ്ക്കാണ് ഇത് വാങ്ങിയത്. രൂപ നാലുമാസത്തവണയായി കൊടുക്കാമെന്നു ഉറപ്പും നൽകി. വിളപ്പിൽശാല – മൈലാടി റോഡിൽ പാലയ്ക്കൽ എന്ന സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ കട സ്ഥാപിക്കുകയും ചെയ്തു.
പിറ്റേന്ന് തുറന്നു പ്രവർത്തിക്കാമെന്നു നിശ്ചയിച്ച് കട പൂട്ടി രാജു വീട്ടിൽ പോയി. എന്നാൽ ആ രാത്രി തന്നെ വൈദ്യുത തൂണുമായി ബന്ധിപ്പിച്ച് കെട്ടിയിരുന്ന ചങ്ങല പൂട്ട് തകർത്ത് കട ആരോ മോഷ്ടിച്ചു. കൂലിപ്പണി ചെയ്താണ് മുൻപ് രാജു കുടുംബം നോക്കിയിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണിന് കാഴ്ചക്കുറവ്, ഹൃദ്രോഗം എന്നിവ ബാധിച്ചതോടെ പണിക്ക് പോകാൻ പറ്റാതായി. വിവാഹിതരായ രണ്ട് പെൺമക്കളെയും ആശ്രയിക്കാതെ ജീവിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ പെട്ടിക്കട നഷ്ടമായതോടെ അതും വഴിമുട്ടി.