പേരൂരിലെ കൊലയാളി വണ്ടി പാഞ്ഞെത്തിയത് അമിത വേഗത്തിൽ തന്നെ: നിർണ്ണായക തെളിവായത് റോഡിലെ ടയർ പാടുകൾ; മറ്റൊരുവണ്ടിയിൽ ഇടിച്ചെന്ന പ്രതിയുടെ വാദവും പൊളിയുന്നു; പേരൂരിലെ പ്രമുഖനെ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം പൊളിഞ്ഞു; ഡ്രൈവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യം
തേർഡ് ഐ ബ്യൂറോ
ഏറ്റുമാനൂർ: അടുത്തിടെ മാത്രം ടാർ ചെയ്ത ഏറ്റുമാനൂർ – പേരൂർ ബൈപ്പാസിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കൊലയാളി വണ്ടി പാഞ്ഞത് അമിത വേഗത്തിലെന്ന് പൊലീസ് ഉറപ്പിച്ചു. റോഡിലൂടെ റേസിംഗിനെ തോൽപ്പിക്കുന്ന വേഗത്തിൽ പാഞ്ഞ കാർ ബ്രേക്ക് ചെയ്ത പാട് ഇരുപത് മീറ്ററോളം ദൂരത്തിൽ റോഡിൽ പതിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. അമിത വേഗം മാത്രമാണ് അപകടകാരണമെന്നും, മറ്റൊരു വണ്ടിയും അപകടത്തിനിടയാക്കിയ വണ്ടിയിൽ ഇടിച്ചിട്ടില്ലെന്നും പൊലീസ് ഉറപ്പിച്ചു പറയുന്നു. തന്റെ വണ്ടിയിൽ മറ്റൊരു വണ്ടിയിടിച്ച് നിയന്ത്രണം നഷ്ടമായതാണെന്ന പ്രതി ഷോണിന്റെ മൊഴിയും ഇതോടെ പൂർണമായും പൊളിഞ്ഞു. രാഷ്ട്രീയ പൊലീസ് മേഖലകളിൽ അത്യാവശ്യം സ്വാധീനമുള്ള കുടുംബാംഗമായ പ്രതി മുല്ലൂർ ഷോൺ മാത്യു(19)വിനെ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം ഇതോടെ വെറുതെയായി. ഇതിനിടെ പ്രതി ഷോണിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.
ബംഗളൂരുവിൽ വിദ്യാർത്ഥിയായ ഷോൺ രണ്ടു ദിവസം മുൻപ് മാത്രമാണ് നാട്ടിലെത്തിയത്. ലഹരി മരുന്ന് ഉപയോഗിച്ചിരുന്ന ഷോൺ ഇതിന്റെ ലഹരിയിലാണ് വാഹനം ഓടിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ, ഇതു സംബന്ധിച്ചു തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. താൻ ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുമ്പോൾ മറ്റൊരു വാഹനം എതിർദിശയിൽ നിന്നും വന്നെന്നും, ഈ വാഹനം തന്റെ വണ്ടിയിൽ ഇടിച്ചെന്നുമായിരുന്നു ഷോൺ ആദ്യം പൊലീസിനു നൽകിയ മൊഴി. എന്നാൽ, ഈ മൊഴി പൂർണമായും വ്യാജമാണെന്നാണ് ഇപ്പോൾ പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ഇടിച്ച കാറിൽ നടത്തിയ സെന്റിഫിക്ക് റിപ്പോർട്ടിൽ, മറ്റൊരു വാഹനത്തിന്റെയും പെയിന്റോ മറ്റ് ഭാഗങ്ങളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. ബൈപ്പാസിന്റെ തുടക്കം മുതൽ തന്നെ ഷോൺ അമിത വേഗത്തിലായിരുന്നു വാഹനം ഓടിച്ചതെന്ന് ദൃക്‌സാക്ഷികളിൽ നിന്നു വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷോണിനെതിരായ കേസ് രജിസ്റ്റർ ചെയ്യുന്നത്. അപകടമുണ്ടായ കണ്ടംചിറയ്ക്ക് സമീപത്തെ വളവിൽ കാറെത്തിയപ്പോൾ വണ്ടി വലത്തേയ്ക്ക് പാളിപ്പോയി. തുടർന്ന് കാറിന്റെ നിയന്ത്രണം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിനിടെ വണ്ടി ഇടത് വശത്തേയ്ക്ക് തെന്നി മാറുകയായിരുന്നു. റോഡിൽ നിന്നും തെന്നിയെത്തിയ വണ്ടി ലെജിയെയും, രണ്ടു മക്കളെയും ഇടിച്ചു തെറിപ്പിച്ചതായി പൊലീസ് കണ്ടെത്തി. മൂന്നു പേരുടെയും മൃതദേഹം കിടന്ന സ്ഥലം വരെ കാറിന്റെ ബ്രേക്ക് ചെയ്ത പാട് കണ്ടെത്തിയിട്ടുണ്ട്. ഇതിന് ഇരുപത് മീറ്ററിലേറെ നീളമുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് കാറിന്റെ അമിത വേഗം സ്ഥിരീകരിക്കുന്നത്.
ഇതിനിടെ ഷോണിനെതിരെ കൊലക്കുറ്റം തന്നെ ചുമത്തണമെന്ന ആവശ്യം ശക്തമായി. റോഡിൽ അശ്രദ്ധമായും അമിത വേഗത്തിലും വാഹനം ഓടിച്ച ഇയാൾ മൂന്നു പേരുടെ ജീവനാണ് ഇല്ലാതാക്കിയത്. അപകടം ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ വാഹനം ഓടിച്ച ഇയാൾക്കെതിരെ കൊലക്കുറ്റം തന്നെ ചുമത്തണമെന്നാണ് പൊലീസിനോട് നാട്ടുകാരുടെ അഭ്യർത്ഥന.