
മീണയുടെ കൂറ് എ.കെ.ജി സെന്ററിനോട്, പ്രചാരണത്തിന് അയ്യന്റെ പേര് പറയും, നടപടിയെടുക്കാൻ വെല്ലുവിളിച്ച് ശോഭ സുരേന്ദ്രൻ
സ്വന്തംലേഖകൻ
കോട്ടയം : മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പിണറായിയുടെ ഓഫീസിന്റേയും എ.കെ.ജി സെന്ററിന്റെയും ജോലിയാണ് എടുക്കുന്നതെന്ന് ആരോപിച്ച് ആറ്റിങ്ങലിലെ എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. അയ്യപ്പന്റെ പേര് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മീണ വിലക്കിയിട്ടുണ്ടെങ്കിലും എല്ലാ തിരഞ്ഞെടുപ്പ് യോഗങ്ങളിലും അയ്യന്റെ പേര് പറയുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അയ്യന്റെ പേര് പറഞ്ഞാല്‍ നടപടി എടുക്കുമെങ്കില്‍, തനിക്കെതിരെ നടപടി എടുക്കട്ടെ എന്നും ശോഭ സുരേന്ദ്രന്‍ വെല്ലുവിളിച്ചു. എന്നാല്‍ അയ്യന്റെ പേര് പറഞ്ഞ് വോട്ട് ചോദിക്കില്ലെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം പ്രചാരണ ആയുധമാക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം അവഗണിക്കാനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത് . ശബരിമലയെ കുറിച്ച് പറഞ്ഞ് വോട്ട് ചോദിക്കുന്നത് തടയാന്‍ ആരാണ് വരുന്നതെന്ന് നോക്കാമെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള വെല്ലുവിളിക്കുകയും ചെയ്തിരുന്നു.ശബരിമല വിഷയം പറയുന്നിടത്ത് പാര്‍ട്ടിക്ക് പിന്തുണയേറുന്നുവെന്ന വിലയിരുത്തലിന് പിന്നാലെയാണ് ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത കോഴിക്കോട്ടെ യോഗത്തിൽ ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു. പത്തനംതിട്ടയിലും തൃശൂരുമടക്കം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന 20 ലോക്സഭ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരം ലഭിക്കുന്നുവെന്ന വിലയിരുത്തലിലാണ് ഈ ചുവടുമാറ്റം. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ ബി.ജെ.പി കണക്കുകൂട്ടിയതിന് അപ്പുറമുള്ള സ്വീകാര്യതയാണ് ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് ലഭിക്കുന്നതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ ശബരിമല വിഷയം ബി.ജെ.പി തിരഞ്ഞെടുപ്പില്‍ ഉന്നയിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ ശബരിമല പ്രതിപാദിക്കാതെയായിരുന്നു ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം.