മണർകാട് എസ്.എച്ച്.ഒ രതീഷ്‌കുമാർ അവധിയിൽ: നടപടിയ്ക്കു മുൻപായി നിർബന്ധിത അവധിയിൽ പ്രവേശിച്ചതായി സൂചന; എസ്.എച്ച്.ഒയ്‌ക്കെതിരെ ഇന്ന് നടപടി ഉണ്ടായേക്കും
തേർഡ് ഐ ബ്യൂറോ
കോട്ടയം: മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി കളത്തിൽ നിന്നും 18 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തിൽ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രതീഷ്‌കുമാർ അവധിയിൽ പ്രവേശിച്ചു. ജില്ലാ പൊലീസ് മേധാവിയ്ക്കു ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രതീഷ്‌കുമാറിനെതിരെ നടപടി ഉറപ്പായ സാഹചര്യത്തിലാണ് ഇദ്ദേഹം അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. ഗുരുതരമായ ക്രമക്കേടാണ് ഇദ്ദേഹം നടത്തിയത് എന്നു വ്യക്തമായ സൂചന അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് മണർകാട് എസ്.എച്ച്.ഒ രതീഷ്‌കുമാർ അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവരെ കുറ്റക്കാരനാണ് എന്നു ചിത്രീകരിച്ച് മണർകാട് ക്രൗൺ ക്ലബ് സെക്രട്ടറിയും കേസിലെ പ്രതിയുമായ മാലം സുരേഷ് നടത്തുന്ന ഫോൺ സംഭാഷണത്തിനു കുടപിടിച്ച ഓഡിയോ റെക്കോർഡാണ് രതീഷ്‌കുമാറിനെ കുടുക്കിലാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹ പ്രവർത്തകനായ പാമ്പാടി എസ്.എച്ച്.ഒ യു.ശ്രീജിത്തിനെ കുറ്റപ്പെടുത്തുന്ന ഓഡിയോ സന്ദേശത്തിൽ തനിക്ക് മാലം സുരേഷ് കൈക്കൂലി നൽകിയിട്ടില്ലെന്നും, താൻ മാന്യനാണ് എന്നും രതീഷ്‌കുമാർ വാദിക്കുന്നുണ്ട്. ഓഡിയോ സന്ദേശം മാലം സുരേഷ് തന്നെയാണ് പുറത്തു വിട്ടത്.
ചീട്ടുകളി അന്വേഷിക്കുന്ന, കേസിൽ എഫ്.ഐ.ആർ ഇട്ട പൊലീസ് ഉദ്യോഗസ്ഥൻ തന്നെ പൊലീസിനെയും ഉന്നതരെയും പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ ഇത് അക്ഷരാർത്ഥത്തിൽ പൊലീസിനെ വെട്ടിലാക്കുകയായിരുന്നു. മണർകാട് എസ്.എച്ച്.ഒ ആയ രതീഷ് കുമാറിന്റെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത ശേഷം മാലം സുരേഷ് തന്നെയാണ് പ്രചരിപ്പിച്ചത്.
ഈ ഫോൺ സംഭാഷണവുമായി ഹൈക്കോടതിയെ സമീപിക്കുന്നതിനായിരുന്നു മാലം സുരേഷിന്റെ പദ്ധതി. മാലം സുരേഷ് ഒരുക്കിയ ട്രാപ്പിൽ അക്ഷരാർത്ഥത്തിൽ രതീഷ്‌കുമാർ വീണു പോകുകയായിരുന്നു.