സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ മൂന്ന് കേന്ദ്ര ഏജൻസികൾ നാല് മാസത്തിനിടെ ചോദ്യം ചെയ്തത് 92.5 മണിക്കൂറുകൾ ; നയതന്ത്ര ബാഗേജ് വഴി വന്ന സ്വർണ്ണം വിട്ട് കിട്ടാൻ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് സമ്മതിച്ച് ശിവശങ്കർ : ഉന്നതങ്ങളിൽ നിന്നുള്ള ശിവശങ്കറിന്റെ വീഴ്ചയുടെ ആഘാതം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് സി.പി.എമ്മിനും സംസ്ഥാന സർക്കാരിനും
സ്വന്തം ലേഖകൻ
കൊച്ചി: ഒരിക്കൽ സൂപ്പർ മുഖ്യമന്ത്രിയായി വിലസിയ ആളായ ശിവശങ്കറിനെ സ്വർണ്ണക്കടത്ത് കേസിൽ മൂന്ന് കേന്ദ്ര ഏജൻസികൾ കഴിഞ്ഞ നാല് മാസത്തിനിടെ 92.5 മണിക്കൂറുകളാണ് ചോദ്യം ചെയ്തത്. ഏറെ വിവാദങ്ങൾക്ക് ഒടുവിൽ 114 ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമ്പോൾ വീഴ്ച ഉയരങ്ങളിൽ നിന്നും തന്നെയാണ്.
ഈ വീഴ്ച ഏറെ ആഘാതം സൃഷ്ടിക്കുന്നത് സി.പി.എമ്മിനും പിണറായി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിനുമാണ്. ചോദ്യം ചെയ്യലുകൾക്കിടയിൽ പലപ്പോഴും അറസ്റ്റിന്റെ വക്കിൽ നിന്നും അദ്ദേഹം വഴുതി പോകുകയായിരുന്നു. ഇങ്ങനെ ഓരോ തവണ വഴുതി പോയപ്പോഴും വീണ്ടും ഊതിക്കാച്ചിയ ചോദ്യങ്ങളുമായി അന്വേഷണ ഏജൻസികൾ അദ്ദേഹത്തെ വലിഞ്ഞു മുറുകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കസ്റ്റംസ് ജൂലൈ 5നു രജിസ്റ്റർ ചെയ്ത സ്വർണക്കടത്തു കേസിൽ സ്വപ്ന പ്രതിയായതോടെയാണു ശിവശങ്കറിലേക്കെത്തിയത്. ജൂലൈ 14നും 15നും നടന്ന ആദ്യവട്ട ചോദ്യംചെയ്യലിൽ സ്വപ്നയുമായുള്ള അടുപ്പം മറച്ചു വയ്ക്കാതെ തന്നെ ശിവശങ്കർ ചോദ്യങ്ങളെ നേരിടുകയും ചെയ്തു.
തിരുവനന്തപുരത്തെ ഫ്‌ളാറ്റ് ഏർപ്പാടാക്കിയത് മുതൽ സ്വപ്നയ്ക്കു ബാങ്ക് ലോക്കർ എടുക്കുന്നതിനായി ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും സാമ്പത്തിക സഹായം നൽകിയതുമെല്ലാം ശിവശങ്കർ തുറന്നു പറയുകയും ചെയ്തു.
കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ സംശയകരമായ സാമ്പത്തിക ഇടപാടുകൾ തനിക്ക് അറിയാമെന്നതാണ് അവിടത്തെ ജോലി നഷ്ടപ്പെടാൻ കാരണമെന്നും സ്വപ്ന പറഞ്ഞതായി ശിവശങ്കർ മൊഴി നൽകി. ഒരുമിച്ചു യാത്ര നടത്തിയതുമടക്കമുള്ള വിശദാംശങ്ങളും പറഞ്ഞു. എന്നാൽ, സ്വർണക്കടത്തോ സ്വപ്നയുടെ പണമിടപാടുകളോ അറിയില്ലെന്നായിരുന്നു നിലപാട്. ഇതിനെതിരായ തെളിവുകൾ ആ സമയത്തു കസ്റ്റംസിന്റെ കൈയിലില്ലായിരുന്നു. ശിവശങ്കറിന്റെ ഐഫോൺ കസ്റ്റംസ് വാങ്ങിവച്ചു.
അടുത്തത് എൻഐഎയുടെയും ഇഡിയുടെയും ഊഴമായിരുന്നു. കേസുകളിൽ അവർ 6 വട്ടമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. സ്വർണക്കടത്തു കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ ഈ മാസം 9ന് ശിവശങ്കറിന്റെ ഫയൽ വീണ്ടും കസ്റ്റംസ് തുറന്നു. നിർണായകമായൊരു വിവരം, ഇഡിയുടെ കുറ്റപത്രത്തിലുണ്ടായിരുന്നു: സ്വർണക്കടത്തിനു മുൻപു തന്നെ സ്വപ്നയുടെ പണമിടപാടു സംബന്ധിച്ച് ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റും തമ്മിൽ പലതവണ വാട്‌സാപ് ചാറ്റ് നടന്നു.
സ്വർണക്കടത്തിനു മുൻപു നടന്ന വാട്‌സാപ് ചാറ്റ് കസ്റ്റംസ് പരിഗണിക്കേണ്ടതില്ല. പക്ഷേ, ശിവശങ്കർ കാര്യങ്ങൾ മറച്ചു വയ്ക്കുന്നുവെന്ന് അവർക്കു വ്യക്തമായി.
10ന്ക മ്മിഷണറേറ്റിൽ ശിവശങ്കറിനെ ചോദ്യം ചെയ്ത അതേ സമയത്ത്, സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ ഒരേസമയം ജയിലിലും ചോദ്യം ചെയ്തു. വീണ്ടും 11 മണിക്കൂർ ചോദ്യം ചെയ്യൽ. വിദേശയാത്രകൾ സംബന്ധിച്ച് തെളിവുകൾ 13ന് ഹാജരാക്കാമെന്ന ഉറപ്പിൽ ശിവശങ്കറിനെ കസ്റ്റംസ് വിട്ടയക്കുകയും ചെയ്തു.
സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം.ശിവശങ്കറിനെ കുരുക്കിയത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ 94ാം നമ്ബർ ചോദ്യത്തിനു നൽകിയ അവ്യക്തമായ ഉത്തരം. ‘സ്വപ്നയുമായി സംയുക്ത ബാങ്ക് ലോക്കർ തുറക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാലിനോടു നിർദേശിച്ചിട്ടില്ല എന്നാണു താങ്കൾ മുൻപു പറഞ്ഞത്. ലോക്കറിൽ വയ്ക്കാൻ സ്വപ്ന എത്ര തുകയാണു വേണുഗോപാലിനു കൈമാറിയതെന്ന് അറിയില്ലെന്നും പറഞ്ഞു. ലോക്കർ ഇടപാടുകൾ ഓരോന്നും വേണുഗോപാൽ താങ്കളെ അറിയിക്കാറില്ലെന്നും പറഞ്ഞു. എന്നാൽ, വേണുഗോപാൽ നൽകിയ മൊഴികളും നിങ്ങൾ തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങളും താങ്കളുടെ മൊഴികൾ വാസ്തവവിരുദ്ധമാണെന്നു തെളിയിക്കുന്നു.’
ഇതിന് നൽകിയ ഉത്തരം ശിവശങ്കരന് പിഴയ്ക്കുകയായിരുന്നു.ചാർട്ടേർഡ് അക്കൗണ്ടന്റുമായുള്ള വാട്‌സാപ് ചാറ്റുകൾ പണമിടപാടിലെ പങ്കിന് തെളിവായി. ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയും ശിവശങ്കറിന് എതിരാണ്.
ഹൈക്കോടതിയിൽ ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി മിനിട്ടുകൾക്കുള്ളിൽ തിരുവനന്തപുരത്ത് ആശുപത്രിയിൽ നിന്നാണ് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെ ഓഫസിലേക്ക് എത്തിയതിന് പിന്നാലെ തുടർന്ന് ആറു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്.