
ഹൈബ്രിഡ് കഞ്ചാവ് കേസ്: ചോദ്യം ചെയ്തത് 10 മണിക്കൂറിലധികം സമയം; ചോദ്യം ചെയ്യലിൽ കേസുമായി ബന്ധപ്പിക്കുന്ന തെളിവുകളോ മൊഴികളോ ലഭിച്ചില്ല; ഇവർക്ക് കേസുമായി ബന്ധമില്ലെന്ന് വിലയിരുത്തൽ; ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ കെ സൗമ്യ എന്നിവർക്ക് ക്ലീൻ ചിറ്റ്
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ സംശയ നിഴലിലായിരുന്ന നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ കെ സൗമ്യ എന്നിവരെ 10 മണിക്കൂറിലധികം ചോദ്യം ചെയ്‌തിട്ടും കേസുമായി ബന്ധപ്പിക്കുന്ന തെളിവുകളോ മൊഴികളോ ലഭിച്ചില്ല.
ലഹരിക്ക് അടിമയാണെന്ന് സമ്മതിക്കുകയും ചികിത്സയ്ക്ക് സമ്മതമറിയിക്കുകയും ചെയ്‌ത ഷൈൻ ടോം ചാക്കോയെ തെടുപുഴയിലെ ലഹരിമോചന കേന്ദ്രത്തിലേക്ക് മാറ്റി. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ കെ.സൗമ്യ എന്നിവരെ പത്ത് മണിക്കൂറിലധികമാണ് ആലപ്പുഴയിലെ എക്സൈസ് ഓഫിസിൽ ചോദ്യം ചെയ്തത്.
നേരത്തെ തയാറാക്കിയ ചോദ്യാവലിയുടെ അടിസ്‌ഥാനത്തിൽ മൂന്നു പേരിൽ നിന്നും പ്രത്യേകം വിവരങ്ങൾ ശേഖരിച്ചു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവു കേസുമായി ഇവർക്ക് നേരിട്ട് ബന്ധമുള്ളതിന്റെ തെളിവുകൾ ലഭിച്ചില്ല. ഇവർക്ക് ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ലഹരി വിമുക്‌ത കേന്ദ്രത്തിൽ ചികിത്സയിൽ ആണെന്നും അവിടെ നിന്നാണ് എത്തിയതെന്നും ഷൈൻ ഉദ്യോഗസ്‌ഥരോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യം ചെയ്യലിനിടയിൽ അസ്വസ്ഥതകൾ ഷൈൻ ടോം ചാക്കോ പ്രകടിപ്പിച്ചു. ലഹരിക്കടിമയാണെന്നും ചികിത്സ തേടാൻ സമ്മതമാണെന്നും ഷൈൻ അറിയിച്ചു. തുടർന്ന് കുടുംബാംഗങ്ങളോട് ആലോചിച്ച ശേഷം നടനെ തൊടുപുഴയിലെ ലഹരി ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. ഈ മാസം ഒന്നാം തീയതി രാത്രിയാണ് ആലപ്പുഴ ഓമനപ്പുഴയിൽ നിന്ന് രണ്ടു കിലോയിലധികം ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് പിടികൂടിയത്.
തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ അക്ബർ അലി, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് കേസിലെ പ്രതികൾ. മൂന്നു പേരും റിമാൻഡിലാണ്. നടൻ ശ്രീനാഥ് ഭാസി അടക്കമുള്ളവർ തസ്ലീമയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളുടെയും സാമ്പത്തിക ഇടപാടുകളുടെയും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇത് ലഹരി ഇടപാടുകൾക്ക് വേണ്ടിയാണോ എന്നതിൽ വ്യക്‌തത വരുത്താനായിരുന്നു ചോദ്യം ചെയ്യൽ.