ഭാസ്കര കാരണവർ കൊലക്കേസ്: കുറ്റവാളി ഷെറിനെ ശിക്ഷാ ഇളവ് നൽകി മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം മരവിപ്പിച്ചു; സർക്കാർ തീരുമാനം സഹതടവുകാരിയെ ആക്രമിച്ച് ഷെറിൻ വീണ്ടും പ്രതിയായതോടെ

Spread the love

തിരുവനന്തപുരം: ഭാസ്കര കാരണവർ കൊലക്കേസ് കുറ്റവാളി ഷെറിൻ ജയിലിൽ തുടരേണ്ടിവരും. ശിക്ഷാ ഇളവ് നൽകി മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം തൽകാലത്തേക്ക് മരവിപ്പിച്ചു. തീരുമാനത്തിനെതിരെ ഉയർന്ന പ്രതിഷേധവും ഷെറിൻ വീണ്ടും കേസിൽ പ്രതിയായതുമാണ് സർക്കാരിൻ്റെ മനംമാറ്റത്തിന് പിന്നിൽ.

ജയിലിലെ വിഐപിയാണ് ഷെറിനെന്ന പരാതി ഷെറിൻ ജയിലിലെത്തിയ കാലം മുതലുള്ളതാണ്. അത് ശരിവെക്കുന്നതായിരുന്നു ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനവും. ജീവപര്യന്തം തടവിൻ്റെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വർഷം പൂർത്തിയതിന് പിന്നാലെ ശിക്ഷാ ഇളവ് നൽകി ഷെറിനെ സ്വതന്ത്രയാക്കാൻ സർക്കാർ തീരുമാനിച്ചു.

ഇരുപതും ഇരുപത്തിയഞ്ചും വർഷമായി തടവിൽ കിടക്കുന്ന പലരുടെയും അപേക്ഷ ചവറ്റുകൊട്ടയിൽ കിടക്കുമ്പോൾ ഷെറിന് കിട്ടിയ പരിഗണനയ്ക്ക് പിന്നിൽ ഒരുമന്ത്രിയുടെ കരുതൽ എന്ന ആക്ഷേപം പോലും ഉയർന്നു. ആ തീരുമാനം വന്ന് രണ്ട് ആഴ്‌ച പിന്നിടും മുൻപ് സഹതടവുകാരിയെ ആക്രമിച്ച് ഷെറിൻ വീണ്ടും പ്രതിയായി. ഇതോടെയാണ് ഷെറിനെ രക്ഷിക്കാനുള്ള തീരുമാനം സർക്കാർ തന്നെ മരവിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചാൽ മാത്രമേ മോചനം നടക്കു. പക്ഷെ തീരുമാനമെടുത്ത് രണ്ട് മാസമായിട്ടും ഫയൽ ഗവർണർക്ക് കൈമാറിയിട്ടില്ല. മന്ത്രിസഭാ തീരുമാനം റദ്ദാക്കിയതായി ഉത്തരവ് ഇറങ്ങിയിട്ടില്ലെങ്കിലും വാക്കാൽ കൊടുത്ത നിർദേശപ്രകാരമാണ് ഫയൽ പിടിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ട് തൽകാലം ഷെറിൻ കണ്ണൂർ സെൻട്രൽ ജയിലിൽ തന്നെ തുടരേണ്ടിവരും.