
പാൽ വില ഇനിയും വർദ്ധിപ്പിച്ചു തരണം: ക്ഷീര കർഷകർ സമരത്തിലേക്ക്: ആദ്യം വിഷയം മന്ത്രിക്കു മുന്നിലേക്ക്: പരിഹാരമില്ലെങ്കിൽ പ്രക്ഷോഭമെന്ന് ക്ഷീര കർഷകർ
കോട്ടയം: പാൽ വില വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ക്ഷിര കർഷകർ.
ഉത്പാദന ചിലവിന് ആനുപാതികമായി വരുമാനം ലഭിക്കാതെ വന്നതോടെ ക്ഷീര കർഷകർ പ്രതിസന്ധിയിലായി. ഇതോടെയാണ് വില വർദ്ധന ആവശ്യപ്പെടാൻ കാരണം.
രണ്ടര വർഷം മുമ്പ് നിശ്ചയിച്ച വിലയാണ് ഇപ്പോഴും കർഷകർക്ക് ലഭിക്കുന്നത്. അതിനിടെ ഉത്പാദനത്തിൻ്റെയും കാലികളുടെ പരിപാലനത്തിൻ്റെയും ചിലവ് കുത്തനെ കൂടി. എന്നാൽ ചിലവിന് ആനുപാതികമായി വരുമാനം ലഭിക്കാതെ വന്നതോടെ വിഷയത്തിൽ സർക്കാർ ഇടപെടലിനുള്ള ആവശ്യം ശക്തമാക്കുകയാണ് കർഷകർ.
ഇതിൻ്റെ ഭാഗമായി വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് ചർച്ച നടത്താനും ചർച്ചക്ക് തയാറായില്ലെങ്കിൽ പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക് പോകാനുമാണ് തീരുമാനമെന്നും കർഷകരും സംഘടനകളും വ്യക്തമാക്കി. നിലവിൽ കർഷക കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി എബി ഐപ്പിൻ്റെ നേതൃത്വത്തിലാണ് മന്ത്രിയെ കാണുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മറ്റ് സംഘടനകളെക്കൂടി ഉൾപ്പെടുത്തി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. 2019 ലെ മിൽമയുടെ കണക്ക് പ്രകാരം ഒരു ലിറ്റർ പാൽ ഉൽപാദിപ്പിക്കുന്നതിന് 45.16 രൂപയാണ് ചിലവ്. അന്ന് കാലിത്തീറ്റക്കും മരുന്നിനുമടക്കം വില കുറവായിരുന്നു.
മുമ്പ് കിലോക്ക് 26 രൂപ ആയിരുന്ന കാലിത്തീറ്റ വില ഇപ്പോൾ 34 രൂപയാണ്. മുമ്പ് സൗജന്യമായി ലഭിച്ചിരുന്ന മരുന്നുകൾ വില നൽകിയാണ് വാങ്ങുന്നത്. മുൻ കാലങ്ങളിലേക്കാൾ ഇവയുടെ വില 50 ശതമാനത്തിലധികം വർധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലും
ക്ഷീര സംഘങ്ങളിൽ നിന്ന് പാലിന് കർഷകർക്ക് ലഭിക്കുന്നത് ലിറ്ററിന് പരമാവധി 43 രൂപയാണ്. ഇത് 70 രൂപയെങ്കിലുമാക്കി വർധിപ്പിക്കണം എന്നാണ് ആവശ്യം.
അതിനായി ക്ഷീര സംഘങ്ങളിലെ വില നിർണയ ചാർട്ട് പരിഷ്കരിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. മുൻ കാലങ്ങളിലെ പാലിൻ്റെ കൊഴുപ്പിൻ്റെ അളവനുസരിച്ച് നിശ്ചയിച്ച വിലയാണ് ചാർട്ടിലേത്. അക്കാലത്ത് പ്രചാരത്തിലായിരുന്ന സുനന്ദിനി, ജേഴ്സി തുടങ്ങിയ ഇനങ്ങളുടെ പാലിന് കൊഴുപ്പ് കൂടുതലായിരുന്നു. എന്നാൽ കാലങ്ങളായി ഹൈ ബ്രീഡ് ഇനത്തിലുള്ള പശുക്കളെയാണ് കർഷകർ വളർത്തുന്നത്.
ഇവയുടെ പാലിന് മറ്റിനങ്ങളേക്കാൾ കൊഴുപ്പ് കുറവാണ്. അതിനാൽ ചാർട്ട് പരിഷ്കരിച്ച് പാൽ വില വർധനക്കുള്ള വഴി തെളിക്കണമെന്നാണ് കർഷകരുടെയും കർഷക കോൺഗ്രസിൻ്റെയും ആവശ്യം. വരവും ചിലവും ഒത്തുപോകാത്തതിനാൽ 30 ശതമാനത്തോളം കർഷകർ കൃഷി അവസാനിപ്പിച്ചു. മേഖലയെ രക്ഷിക്കാൻ ഇനിയെങ്കിലും നടപടി സ്വീകരിച്ചില്ലെങ്കിൽ സമരത്തിലേക്ക് പോകുമെന്ന് എബി ഐപ്പ് വ്യക്തമാക്കി