ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം : കുറ്റക്കാരായ അദ്ധ്യാപകനടക്കം നാലുപേര്‍ ഒളിവില്‍, ചികിത്സിച്ച ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്
സ്വന്തം ലേഖകൻ
വയനാട്: സ്‌കൂൾ ക്ലാസ് മുറിയില്‍ നിന്നും പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അദ്ധ്യാപകനടക്കം നാലുപേര്‍ ഒളിവില്‍. സർവജന സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ മോഹന്‍ കുമാര്‍, പ്രിന്‍സിപ്പൾ കരുണാകരന്‍, അധ്യാപകന്‍ ഷിജില്‍, പെണ്‍ക്കുട്ടിയെ ചികിത്സിച്ച തലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇതുവരെയും സാധിച്ചിട്ടില്ല. അതേസമയം
അന്വേഷണ സംഘം ഇവരുടെ വീടുകളില്‍ എത്തിയെങ്കിലും അവർ അതിനു മുൻപ് തന്നെ ഒളിവിൽ പോയിരുന്നു. അവർ സ്ഥലത്തില്ല എന്നായിരുന്നു ബന്ധുക്കളുടെ മറുപടി. ഇതോടെ മൊഴിയെടുക്കാനാവാതെ പൊലീസ് മടങ്ങുകയായിരുന്നു. തിരികെ എത്തിയ ഉടന്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്ന് ബന്ധുക്കള്‍ക്ക് പൊലീസ് നിര്‍ദേശം നക്കിയിട്ടുണ്ട്.
ഷഹലയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മതി അറസ്റ്റ് എന്ന നിലപാടിലാണ് പൊലീസ്.
അതേസമയം പെണ്‍ക്കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ജിസ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനോട് നിയമോപദേശം തേടി. ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല എന്ന നിയമോപദേശമാണ് ലഭിച്ചത് എങ്കിലും നാളെ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയേക്കും. മരുന്നുകളുടെ അഭാവവും ആശുപത്രിയിലെ അസൗകര്യങ്ങളും പ്രതിസന്ധി ഉണ്ടാക്കി എന്ന് കോടതിയില്‍ വിശദീകരിക്കാനാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.