ശാസ്ത്രി റോഡിലെ അനധികൃത വഴിവിളക്ക് സ്ഥാപിക്കൽ ഹൈക്കോടതി കയറിയതിന് പിന്നാലെ മണിപ്പുഴ നാലുവരിപ്പാതയിലും അനധികൃതമായി വഴിവിളക്ക് സ്ഥാപിക്കൽ; നാലുവരിപ്പാതയുടെ ഇരുവശത്തും ആവശ്യത്തിന് വഴിവിളക്ക് ഉണ്ടായിട്ടും റോഡിൻ്റെ മധ്യഭാഗത്ത് സ്വകാര്യ പരസ്യ കമ്പനി വഴിവിളക്ക് തൂണുകൾ സ്ഥാപിക്കുന്നതിന് പിന്നിൽ ലക്ഷങ്ങളുടെ അഴിമതി; വഴിവിളക്ക് തൂണുകളിൽ പരസ്യങ്ങൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലുവില കൽപ്പിച്ച് കോട്ടയം നഗരസഭ; കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനടക്കം പരാതി

Spread the love

കോട്ടയം : ശാസ്ത്രി റോഡിലെ അനധികൃത വഴിവിളക്ക് സ്ഥാപിക്കൽ ഹൈക്കോടതി കയറിയിട്ടും കോട്ടയം നഗരസഭയ്ക്ക് കുലുക്കമില്ല.

ഇറങ്ങിപ്പോകും മുമ്പ് പരമാവധി കടുംകെട്ട് നടത്താനാണ് നഗരസഭാ അധികൃതരുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും താൽപര്യം. ശാസ്ത്രീ റോഡിലെ അനധികൃത വഴിവിളക്ക് സ്ഥാപിക്കലിന്
പിന്നാലെ മണിപ്പുഴ നാലുവരിപ്പാതയിലും അനധികൃതമായി വഴിവിളക്ക് സ്ഥാപിച്ച് തുടങ്ങി.

നാലുവരിപ്പാതയുടെ ഇരുവശത്തും ആവശ്യത്തിന് വഴിവിളക്ക് ഉണ്ടായിട്ടും റോഡിൻ്റെ മധ്യഭാഗത്ത് സ്വകാര്യ പരസ്യ കമ്പനി വഴിവിളക്ക് തൂണുകൾ സ്ഥാപിക്കുന്നതിന് പിന്നിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നത്. നാലുവരിപ്പാതയുടെ ഇരുവശത്തുമായി 30ലധികം വഴിവിളക്ക് തൂണുകൾ ഉണ്ട്. ഇവയിൽ എല്ലാം ലൈറ്റുകളും ഉണ്ട്. ഇവയുടെ തകരാർ പരിഹരിച്ച് ലൈറ്റ് കത്തിക്കുന്നതിനു പകരം അനധികൃതമായി പുതിയ വഴി വിളക്കുകൾ സ്ഥാപിക്കുകയാണ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴിവിളക്ക് തൂണുകളിൽ പരസ്യങ്ങൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലുവില കൽപ്പിച്ചാണ് കോട്ടയം നഗരസഭ ഈ അഴിമതിക്ക് കൂട്ടുനിൽക്കുന്നത്. വഴിവിളക്ക് സ്ഥാപിക്കുന്ന സ്വകാര്യ പരസ്യ കമ്പനിക്ക് ഇത്തരത്തിൽ വഴിവിളക്ക് തൂണുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. പൊതുസ്ഥലത്ത് ഇത്തരത്തിൽ ഏതു പ്രവർത്തനവും നടത്തുമ്പോൾ പരസ്യം ചെയ്ത് ടെൻഡർ വിളിക്കണമെന്നാണ് വ്യവസ്ഥ.

എന്നാൽ ഇത്തരത്തിൽ ടെണ്ടർ വിളിക്കാതെ രഹസ്യമായി സ്വകാര്യ പരസ്യ കമ്പനിക്ക് വഴിവിളക്ക് തൂണുകൾ സ്ഥാപിച്ച് അതിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാനുമാണ് അനുവാദം നൽകിയിട്ടുള്ളത്. ശാസ്ത്രി റോഡിലും ഇതുതന്നെയാണ് ചെയ്തിരുന്നത്. ഇതിനെയാണ് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. വഴിവിളക്ക് സ്ഥാപിക്കുന്നതിനോ, അതിൽ പരസ്യം വയ്ക്കുന്നതിനോ ആരും എതിരല്ല. എന്നാൽ നഗരസഭയ്ക്ക് കിട്ടേണ്ട പരസ്യ നികുതികൾ വേണ്ടെന്നു വെച്ച് രഹസ്യമായി നടത്തുന്ന ഇത്തരം അനധികൃത ഏർപ്പാടിനെയാണ് ഞങ്ങൾ എതിർക്കുന്നത്.

നാഷണൽ ഹൈവേയുടെ ഭാഗമായിട്ടുള്ള മണിപ്പുഴ നാലുവരിപ്പാതയിലെ അനധികൃത വഴിവിളക്ക് സ്ഥാപിക്കലിനെതിരെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനടക്കം തേർഡ് ഐ ന്യൂസ് പരാതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ പറഞ്ഞു

ശാസ്ത്രി റോഡിൽ സ്ഥാപിക്കുന്ന വഴിവിളക്ക് തൂണുകളിൽ ഒരു കാരണവശാലും പരസ്യം പ്രദർശിപ്പിക്കരുതെന്ന് നിർദ്ദേശിച്ചുകൊണ്ട് പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു

പിഡബ്ല്യുഡിയുടെ ഈ കത്തിനെ മറികടന്നും, വഴിവിളക്ക് തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവിന് പുല്ലുവില കൽപ്പിച്ചും കോട്ടയം നഗരസഭാ സെക്രട്ടറി ബി അനിൽകുമാർ കോട്ടയത്തെ സ്വകാര്യ പരസ്യ കമ്പനിക്ക് വഴിവിളക്ക് തൂണുകൾ സ്ഥാപിക്കാനും ആയതിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാനും അനുമതി നൽകുകയായിരുന്നു. മാത്രവുമല്ല അഞ്ചുവർഷത്തേക്ക് യാതൊരുവിധ പരസ്യനികുതിയും, മറ്റ് നികുതികൾ ഒന്നും തന്നെയും പരസ്യകമ്പനിയിൽ നിന്ന് നഗരസഭ വാങ്ങേണ്ടതില്ലെന്നും നഗരസഭാ സെക്രട്ടറി ഉത്തരവിട്ടു.

എന്നാൽ സ്വകാര്യ പരസ്യ കമ്പനിക്ക് ഇത്തരത്തിൽ അനധികൃതമായി പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകിയത് കോട്ടയം നഗരസഭാ കൗൺസിലിന്റെ അംഗീകാരം ഇല്ലാതെയാണ്. വഴിവിളക്ക് തൂണുകളിൽ പരസ്യബോർഡുകൾ സ്ഥാപിക്കരുതെന്ന ഹൈക്കോടതി വിധി ഉള്ളതിനാൽ നഗരസഭാ കൗൺസിലിന് അംഗീകാരം നൽകാനും സാധിക്കില്ല എന്നിരിക്കേയാണ് ഇത്തരത്തിൽ കൗൺസിൽ അറിയാതെ നഗരസഭാ സെക്രട്ടറി അനധികൃത ഇടപാടുകൾ നടത്തുന്നത്.