സ്ത്രീകളുടെ മാനത്തിന് വിലപറഞ്ഞവരെ ആഭ്യന്തര വകുപ്പ് സംരക്ഷിക്കുന്നു: ശശികല ടീച്ചർ
സ്വന്തം ലേഖകൻ
കോട്ടയം: സ്ത്രീകളുടെ മാനത്തിന് വിലപറഞ്ഞവരെ ആഭ്യന്തര വകുപ്പ് സംരക്ഷിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചർ. സ്ത്രീ വിരുദ്ധതയ്ക്ക് കൂട്ടുനിൽക്കുന്ന ഡിസി ബുക്സിനെ ഹിന്ദു സമൂഹത്തിന്റെ മനസ്സിൽ നിന്ന് പടിയിറക്കി. ഒരു കാലത്ത് മാതൃഭൂമി വായിക്കുന്നത് അഭിമാനമായി കരുതിയിരുന്നു. എന്നാൽ ഇന്ന് മാതൃഭൂമിയെ വായനക്കാർ കൈയ്യൊഴിഞ്ഞു. കെ.പി. കേശവമേനോനെപ്പോലുള്ള മഹത് വ്യക്തികൾ തെണ്ടിപ്പിരിച്ചുണ്ടാക്കിയതാണ് മാതൃഭൂമി. ധാരാളം പേരുടെ വിയർപ്പ് അതിന് പിന്നിലുണ്ട്. ഡിസി ബുക്സിന്റെ പണക്കൊതിക്ക് മാതൃഭൂമിയുടെ താളുകൾ വിട്ടുനൽകിയത് ചിന്തികണം. മാതൃഭൂമിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ബൈബിൾ വിറ്റല്ല ഹൈന്ദവ പ്രസിദ്ധീകരണങ്ങളിലൂടെയാണ് ഡി സി നേട്ടങ്ങൾ കൊയ്തത്. സാഹിത്യ സഹകരണ സംഘത്തിൽ നിന്ന് ഡിസി ബുക്സ് എങ്ങനെ ഉണ്ടായെന്ന് പരിശോധിക്കേണ്ടതാണെന്നും കെ.പി. ശശികല പറഞ്ഞു. മീശ നോവൽ പ്രസിദ്ധികരിച്ചതിൽ പ്രതിഷേധിച്ച് മഹിളാ ഐക്യവേദിയും വിവിധ ഹൈന്ദവ സംഘടനകളും കോട്ടയത്തെ ഡിസി ബുക്സിന്റെ കേന്ദ്ര ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
തിരുനക്കര ക്ഷേത്ര മൈതാനത്ത് നിന്നാരംഭിച്ച മാർച്ച് ഡിസി ബുക്സിന്റെ സമീപത്ത് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗത്തിൽ മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷ സോമൻ അദ്ധ്യക്ഷയായി. ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. മഹിളാഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദുമോഹൻ, മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷ്, യോഗക്ഷേമ സഭ വനിതാ വിഭാഗം പ്രസിഡന്റ് സി.എൻ. സോയ, എസ്എൻഡിപി കേന്ദ്രസമിതിയംഗം ഷൈലജ രവീന്ദ്രൻ, മഹിളാഐക്യവേദി ജില്ലാ പ്രസിഡന്റ് ജയന്തി ജയമോഹൻ തുടങ്ങിയവർ സംസാരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group