ഷാറൂഖ് സെയ്‌ഫിയെ ഷൊര്‍ണൂരില്‍ എത്തിച്ചു; തെളിവെടുപ്പ് സായുധ സേനാംഗങ്ങളുടെ സുരക്ഷയിൽ; പ്രതിയെ കാണാന്‍ വന്‍ ജനക്കൂട്ടം
സ്വന്തം ലേഖിക
പാലക്കാട്: എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ ഷൊര്‍ണൂരിലെത്തിച്ചു.
സായുധ സേനാംഗങ്ങളുടെ കൂടി സുരക്ഷയിലാണ് തെളിവെടുപ്പ് നടക്കുന്നത്. ആദ്യം പ്രതി ആക്രമണത്തിനായി പെട്രോള്‍ വാങ്ങിയ പെട്രോള്‍ പമ്പിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെട്രോള്‍ പമ്പ് ജീവനക്കാരില്‍ നിന്നടക്കം പ്രതിയെ കുറിച്ചും സംഭവത്തെ കുറിച്ചും പൊലീസ് വിവരങ്ങള്‍ തേടി. പ്രതിയെ കാണാന്‍ വലിയ ജനക്കൂട്ടമാണ് ഇവിടെ തമ്ബടിച്ചത്.
പിന്നീട് ഇവിടെ നിന്ന് ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പ്രതിയെ കൊണ്ടുപോയി. ഇവിടെ അടുത്തുള്ള കടകളിലേക്കാണ് പ്രതിയെ കൊണ്ടുപോയത്. ഇവിടെയും വന്‍ ജനക്കൂട്ടം തമ്പടിച്ചിരുന്നു.
പൊലീസ് കനത്ത സുരക്ഷാ വലയത്തിലാണ് തെളിവെടുപ്പ് നടപടികളുമായി മുന്നോട്ട് പോകുന്നത്. ആക്രമണ ദിവസം പുലര്‍ച്ചെ നാല് മണിയോടെ ഷൊര്‍ണൂരിലെത്തിയ പ്രതി വൈകീട്ട് ഏഴ് മണിവരെ ഷൊര്‍ണൂരില്‍ ചെലവഴിച്ചിരുന്നു.
15 മണിക്കൂറോളം സമയം പ്രതി ഇവിടെ എന്ത് ചെയ്യുകയായിരുന്നുവെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. ആക്രമണത്തിന് ശേഷം റെയില്‍പാളത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ ഒരു പാത്രത്തില്‍ അന്ന് പാചകം ചെയ്ത ഭക്ഷണം കണ്ടെത്തിയിരുന്നു.
പ്രാദേശികമായ സഹായം പ്രതിക്ക് ലഭിച്ചുവെന്ന സംശയം ഇതിലൂടെ ബലപ്പെട്ടിരുന്നു. ഇതിലെല്ലാം വ്യക്തത വരുത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്.