
കാമുകനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നു; ഷാരോൺ വധക്കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കാമുകനായ ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 മത്തെ ദിവസമാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.
കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് പുറമേ വിഷം നൽകാനായി പ്രലോഭിപ്പിച്ച് ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തുന്നതിന് ഗ്രീഷ്മക്കെതിരെ 364മത് വകുപ്പും പൊലീസ് ചുമത്തിയിട്ടുണ്ട്. തെളിവ് നശിപ്പിച്ചത് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽകുമാരൻ നായർ എന്നിവരെ രണ്ട് മൂന്നും പ്രതികളാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. 14-ാം തിയതി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളുണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിച്ച ഷാരോണ്‍ ചികിത്സയിലായിരിക്കെ 25ന് മരിച്ചു.
സാധാരണ മരണമെന്ന നിഗമനത്തിൽ അന്വേഷണം തുടങ്ങിയ കേസിൽ ഗ്രീഷമയെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണത്തിൻറെ ഗതി തന്നെ മാറിയ വിവരങ്ങൾ പുറത്ത് വന്നത്.