
കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അതുല്യയ്ക്ക് നീതി ലഭിക്കണമെന്ന് സഹോദരി അഖില. അതുല്യ ആത്മഹത്യ ചെയ്തെന്ന് കരുതുന്നില്ല. കൊലപാതകമാണെന്ന് തന്നെയാണ് ഉറച്ചുവിശ്വസിക്കുന്നതെന്നും അവർ പറഞ്ഞു. അതുല്യ മരിക്കുന്നതിന് തലേ ദിവസം വലിയ സന്തോഷത്തിലായിരുന്നു. അന്ന് അതുല്യയുടെ പിറന്നാൾ ആയിരുന്നു. അടുത്ത ദിവസം പുതിയ ജോലിയ്ക്ക് കയറാൻ ഇരുന്നതാണ്. വലിയ പ്രതീക്ഷയിലായിരുന്നു. അങ്ങനെ ഒരാൾ ഒരിക്കലും സ്വയം ജീവനൊടുക്കില്ലെന്നും അഖില പറഞ്ഞു.
ഭർത്താവ് സതീഷ് അതുല്യയെ നിരന്തരമായി ഉപദ്രവിച്ചിരുന്നു. മകളോട് പോലും സതീഷിന് ആത്മാർത്ഥമായ സ്നേഹമില്ല. അതുല്യയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലും 24 മണിക്കൂറിലുണ്ടായ പാടുകൾ ശരീരത്തിലുണ്ടായിരുന്നു എന്ന് പറയുന്നുണ്ട്. മരിച്ച ദിവസവും സതീഷ് ഉപ്രദ്രവിച്ചിട്ടുണ്ട്. സതീഷിൻ്റെ ചില ബന്ധങ്ങളുടെ പേരിൽ അതുല്യയുമായി സ്ഥിരം തർക്കിച്ചിരുന്നു. ഗർഭിണിയായിരുന്നപ്പോൾ വരെ അതുല്യയെ ഉപദ്രവിച്ചു. മരിക്കുന്നതിന് തലേന്ന് രാത്രി 11.30വരെ അതുല്യ തന്നോട് ഫോണിൽ സംസാരിച്ചിരുന്നു. അതുല്യ മരിച്ച ദിവസം സതീഷിനെ കാണുമ്പോൾ മദ്യലഹരിയിൽ ആയിരുന്നു. ഇത്രയും തെളിവുകൾ ഉണ്ടായിട്ടും പ്രതി ജാമ്യം കിട്ടി പുറത്തു നടക്കുന്നത് അംഗീകരിക്കാനാകില്ല. അതുല്യയ്ക്ക് നീതി ലഭിക്കണം- അഖില പറഞ്ഞു.
ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം ചവറ സ്വദേശിനി അതുല്യ ഭർത്താവിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്നാണ് കുടുംബം പരാതിപ്പെട്ടത്. കൊല്ലം ശാസ്താംകോട്ട സ്വദേശി സതീഷ് ഭാര്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. തെളിവുകൾ സഹിതമാണ് അതുല്യയുടെ കുടുംബം ചവറ തെക്കുംഭാഗം പൊലീസിൽ പരാതി നൽകിയത്. മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. കൂടാതെ സ്ത്രീധന പീഡനം, ശാരീരിക പീഡനം തുടങ്ങിയ വകുപ്പുകളും. കുടുതൽ പേരിൽ നിന്നും മൊഴിയടക്കം രേഖരിച്ചിരുന്നു. ഷാര്‍ജയിൽ എഞ്ചിനീയറായിരുന്നു ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ഇയാളെ പിന്നീട് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group