ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു; മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ റീ പോസ്റ്റ്മോർട്ടം നടത്തും; അന്വേഷണത്തിൽ നിർണായകമാകും

Spread the love

കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ റീ പോസ്റ്റ്മോർട്ടം നടത്തും. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഷാർജയിലെ ഫൊറൻസിക് പരിശോധനാ ഫലം. അതുല്യ തൂങ്ങി മരിച്ചെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ മരണത്തിൽ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ റീ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. അന്വേഷണത്തിൽ ഇത് നിർണായകമാകുമെന്നാണ് പ്രതീക്ഷ.

അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കരുനാഗപ്പള്ളി എ എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. സതീഷിന്‍റെ ശാരീരിക – മാനസിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെ പരാതി. സതീഷ് ഭാര്യയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തു വന്നിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.

അതേസമയം അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം ബന്ധു രംഗത്തെത്തിയിരുന്നു. അതുല്യ മറ്റുള്ളവരുമായി സംസാരിക്കുന്നതും സഹകരിക്കുന്നതും ഭർത്താവ് സതീഷ് വിലക്കിയിരുന്നുവെന്നാണ് അതുല്യയുടെ ബന്ധു ജിഷ രജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. അതുല്യ ആണിനോടും പെണ്ണിനോടും സംസാരിക്കുന്നത് സതീഷിന് സംശയമാണ്. സ്ത്രീകളെ അടിമയെപ്പോലെയാണ് അയാൾ കാണുന്നതെന്ന് ജിഷ പറഞ്ഞു. മകളെ വളർത്താൻ വേണ്ടിയാണ് അതുല്യ എല്ലാം സഹിച്ചതെന്നും സന്തോഷമായി ജീവിക്കാൻ അതുല്യ എല്ലാവരുടെയും മുന്നിൽ അഭിനയിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും ജിഷ ഉറപ്പിച്ചു പറഞ്ഞു. അതുല്യയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നതായും പുറത്തുവന്ന വീഡിയോയിൽ അതുല്യ ഉച്ചത്തിൽ നിലവിളിക്കുന്നതും ഭർത്താവ് സൈക്കോയെപ്പോലെ പെരുമാറുന്നതും കാണാമല്ലോയെന്നും ജിഷ ചൂണ്ടിക്കാട്ടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് അന്വേഷിക്കാൻ പ്രത്യേക എട്ടംഗ അന്വേഷണ സംഘം

അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ പ്രത്യേക എട്ടംഗ അന്വേഷണ സംഘം രൂപീകരിച്ചു. കരുനാഗപ്പള്ളി എ എസ് പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ചവറ തെക്കുംഭാഗം എസ് എച്ച് ഒയാണ് നേരിട്ട് അന്വേഷിക്കുക. കരുനാഗപ്പള്ളി എ എസ് പി സംഘത്തിന് മേൽനോട്ടം വഹിക്കും. അന്വേഷണത്തിന്റെ ഭാഗമായി, പ്രതി സതീഷിന്റെ ക്രൂരത ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെടുക്കും. അതുല്യയുടെ കുടുംബത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തുന്നുണ്ട്. പ്രതി സതീഷിനെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.