വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന് ഒടുവിൽ ഇടതിന്റെ പൊന്നാപുരം കോട്ട തകർത്ത് ഷാനിമോൾ ; തോൽക്കാനായി മാത്രം മത്സരിക്കുന്ന സ്ഥാനാർത്ഥിയെന്ന ചീത്തപ്പേര് ഇല്ലാതാക്കി ഷാനിമോൾ വിജയിച്ചത് നാലാം അങ്കത്തിൽ

വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന് ഒടുവിൽ ഇടതിന്റെ പൊന്നാപുരം കോട്ട തകർത്ത് ഷാനിമോൾ ; തോൽക്കാനായി മാത്രം മത്സരിക്കുന്ന സ്ഥാനാർത്ഥിയെന്ന ചീത്തപ്പേര് ഇല്ലാതാക്കി ഷാനിമോൾ വിജയിച്ചത് നാലാം അങ്കത്തിൽ

 

സ്വന്തം ലേഖകൻ

ആലപ്പുഴ: നീണ്ട 59 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് അരൂർ നിയമസഭാ മണ്ഡലം കോൺഗ്രസ് തിരിച്ചു പിടിക്കുന്നത്. ഷാനിമോൾ ഉസ്മാൻ എന്ന വനിതാ സ്ഥാനാർത്ഥിയാണ് ഇവിടെ വിജയിച്ചത് എന്നതിനാൽ ഈ വിജയത്തിന് ഇരട്ടിമധുരമാണ് ഉണ്ടായിരിക്കുന്നത്.

അരൂരിൽ ഷാനിമോൾ വിജയിക്കുമ്പോൾ സംഘടനാ സംവിധാനം ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഗ്രൂപ്പുകൾക്ക് അതീതമായി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഷാനിമോൾ നേടിയ ലീഡ് പരിഗണിച്ചാണ് അവരെ അവിടെ സ്ഥാനാർത്ഥിയാക്കിയത്. ഇടതു മുന്നണിയിലെ സ്ഥാനാർത്ഥി മനു സി പുളിക്കലിനെ 1992 വോട്ടുകൾക്കാണ് ഷാനിമോൾ ഉസ്മാൻ തോൽപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 59 വർഷത്തിനിടെ ഒരിക്കൽ പോലും കോൺഗ്രസിന് വിജയം നേടാൻ സാധിക്കാത്ത മണ്ഡലമായ അരൂരാണ് ഷാനിമോളിലൂടെ കോൺഗ്രസ് തിരിച്ചുപിടിച്ചത്. ഇക്കഴിഞ്ഞ അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലെ ഏക ഇടത് സിറ്റിങ് സീറ്റ് കൂടിയാണ് കോൺഗ്രസിന് വേണ്ടി ഷാനിമോൾ പിടിച്ചടക്കിയത്.

എംഎൽഎയായിരുന്ന എ.എം ആരിഫ് ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അരൂരിൽ ഉപതെരഞ്ഞെടുപ്പിന് വേദിയായത്. ഇടതുമുന്നണിക്ക് ശക്തമായ മേധാവിത്വമുള്ള മണ്ഡലത്തിൽ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 38519 വോട്ടുകൾക്കായിരുന്നു എ.എം ആരിഫ് വിജയിച്ചത്.

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നതും അരൂരിലായിരുന്നു. 80.47 ശതമാനമായിരുന്നു അരൂരിലെ പോളിങ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പക്ഷെ പോളിംങ് ശതമാനം കുറവായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മന്ത്രി ജി. സുധാകരൻ ഷാനിമോൾ ഉസ്മാനെ പൂതന എന്ന് വിളിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതും തെരഞ്ഞെടുപ്പ് ഫലത്തിൽ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയാണ് അരൂരിൽ ഷാനിമോൾ ഉസ്മാൻ കളത്തിലിറങ്ങുന്നത്. യു.ഡി.എഫ് സഥാനാർഥിയായി മൽസരിച്ച ഷാനിമോൾ എ.എം.ആരിഫിനോട് പരാജയപ്പെട്ടെങ്കിലും ഇടത് കോട്ടയിൽ വലിയ വിള്ളൽ വീഴ്ത്തിയായിരുന്നു പത്തി താഴ്ത്തിയത്.

അരൂരിൽ മുൻ വർഷത്തേതിനേക്കാളും വലിയ ഭൂരിപക്ഷമായിരുന്നു ഷാനിമോൾ ഉസ്മാൻ സ്വന്തമാക്കിയിരുന്നത്. ഈ മുന്നേറ്റം അരൂരിൽ വീണ്ടും ഷാനിമോളെ പരിഗണിക്കാൻ സഹായിച്ചു എന്ന് വേണം വിലയിരുത്താൻ. ഈ സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ് കോൺഗ്രസിനെ വലിയ രീതിയിൽ തുണച്ചെന്ന് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നു.

1957 ൽ ഒന്നാം കേരള നിയമസഭയിലേക്ക് കോൺഗ്രസിന് വേണ്ടി മത്സരിച്ച പി.സി.കാർത്തികേയനായിരുന്നു അരൂരിൽ നിന്നും അവസാനമായി വിജയക്കൊടി പാറിച്ച കോൺഗ്രസുക്കാരൻ. തുടർന്ന് 1959 ൽ നിയമസഭാ പിരിച്ചുവിട്ടെങ്കിലും 1960 ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഐയിലെ സദാശിവനെ പരാജയപ്പെടുത്തി വീണ്ടും പി.സി.കാർത്തികേയൻ അരൂരിൽ വിജയക്കൊടി പാറിച്ചു.

1965 ൽ കെ.ആർ.ഗൗരിയമ്മ അരൂരിൽ മൽസരിച്ചത് തൊട്ട് കോൺഗ്രസിന് അന്യം നിന്ന മണ്ഡലമായിരുന്നു അരൂർ. അന്ന് തൊട്ട് ഇന്ന് വരെ കോൺഗ്രസ് പച്ചതൊടാത്ത മണ്ഡലം ഒടുവിൽ ഷാനിമോൾ ഉസ്മാനിലൂടെ തിരിച്ചു പിടിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മനോഹര കാഴ്ച്ചകളിലൊന്ന്. പരമ്പരാഗത ഇടത് കോട്ട തകർത്ത് തരിപ്പണമാക്കിയ ഷാനിമോൾ ഉസ്മാൻ അവസാനം വരെ പൊരുതിയാണ് വിജയിച്ചത്.