ഷാജിമോൻ വധം; പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും
സ്വന്തം ലേഖകൻ
അമ്പലപ്പുഴ: അമ്പലപുഴ കിഴക്കേ കുമ്മനാട്ട് വീട്ടിൽ ഷാജിമോനെ (30) കൊലപ്പെടുത്തിയ സംഭവത്തിലെ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു . കേസിൽ കൂറുമാറി പ്രതിഭാഗം ചേർന്ന ഷാജിമോന്റെ അച്ഛൻ കുമാരു (50)വിനെതിരേ കോടതിയിൽ കളവ് പറഞ്ഞതിനെതിരേ ക്രിമിനൽകേസും രജിസ്റ്റർ ചെയ്തു. അമ്പലപ്പുഴ പുന്നക്കോവിൽ ചിറയിൽ കൃഷ്ണകുമാർ (ലുട്ടാപ്പി ഷാജി 46), ബന്ധുവായ കരുണാകരൻ നായർ (കണ്ണൻ 42), എടത്വാ തലവടി മംഗലതറ മനോജ് (41) എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് മൂന്നാം കോടതി ജഡ്ജി കെ.അനിൽകുമാർ ശിക്ഷിച്ചത്.
1999 ഏപ്രിൽ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . പുലർച്ചേ മൂന്നരയ്ക്കാണ് ഷാജിമോന് കുത്തേറ്റത്. അമ്പലപ്പുഴ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ ആറാട്ടു ഘോഷയാത്രയ്ക്കിടയിലാണ് തർക്കം ഉണ്ടായത്. ഈന്തപ്പഴം വാങ്ങിയ ഷാജിമോൻ പണം നൽകിയില്ല. പ്രതികൾ പണം നൽകാൻ പറഞ്ഞത് വഴക്കിലേക്ക് കലാശിച്ചു . അമ്പലപ്പുഴ ബസ്സ്റ്റാന്റിനു സമീപത്തുവെച്ചാണ് ഷാജിമോന് കുത്തേറ്റത് . ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ആറാംദിവസം ഷാജിമോൻ മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷാജിമോന്റെ അച്ഛൻ കുമാരു ഒന്നാംസാക്ഷിയായിരുന്നു. കുമാരുവും മറ്റുദൃക്സാക്ഷികളും കൂറുമാറി. കോടതിയിൽ കളവായ തെളിവ് നൽകിയതിന് കുമാരുവിനെതിരേ കേസ് രജിസ്റ്റർചെയ്ത് കാരണംകാണിക്കൽ നോട്ടീസും നൽകി. സംഭവം നടന്നയുടൻ അച്ഛൻ കുമാരു മകൻ ഷാജിമോന്റെയടുത്ത് ഓടിയടുത്തുവെന്നും താങ്ങിയെടുത്തപ്പോൾ കുത്തിയവരുടെ പേര് വെളിപ്പെടുത്തിയെന്നുമാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്.