
ഛായാഗ്രാഹകനും സംവിധായകനും എന്ന നിലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച വ്യക്തിത്വം; ഛായാഗ്രാഹകൻ എന്ന മേൽവിലാസത്തിൽ ഒതുങ്ങാതെ മുഖ്യധാരാ സിനിമകളിൽ ക്യാമറ ചലിപ്പിച്ചു; അരവിന്ദന്റെ ചിത്രങ്ങളുടെ സ്ഥിരം ക്യാമറാമാൻ; പിറവി എന്ന ആദ്യ സംവിധാന സംരംഭത്തിലൂടെ അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദികളിൽ ശ്രദ്ധ നേടി; വാനപ്രസ്ഥത്തിലൂടെ മോഹൻലാലിന് മികച്ച നടനുള്ള ദേശീയ അവാർഡും നേടി കൊടുത്തു; ഷാജി എൻ കരുൺ കാലയവനികക്കുള്ളിൽ മറയുന്നത് ഒരേ ഒരു സ്വപ്നം ബാക്കിയാക്കി
തിരുവനന്തപുരം: ലോക സിനിമയുടെ മുന്നിൽ എക്കാലത്തും മലയാള സിനിമക്ക് അഭിമാനത്തോടെ ഉയർത്തിക്കാട്ടാൻ പറ്റിയ പേരാണ് ഷാജി എൻ കരുൺ. ഛായാഗ്രാഹകനും സംവിധായകനും എന്ന നിലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് തന്നെയാണ് അദ്ദേഹം കാലയവനികക്കുള്ളിൽ മറയുന്നത്.
അരവിന്ദന്റെ ചിത്രങ്ങളുടെ സ്ഥിരം ക്യാമറാമാൻ ആയിരുന്ന ഷാജി എൻ കരുൺ മലയാള സിനിമയിലെ നവഭാവുകത്വത്തിന് നേതൃത്വം നൽകിയ കെ ജി ജോർജ്ജിന്റെയും പത്മരാജന്റെയും പല ചിത്രങ്ങളുടേയും ക്യാമറ കൈകാര്യം ചെയ്തിരുന്നു. മുഖ്യധാരാ സിനിമകൾക്കും അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്‌നിയുടേയും നഖക്ഷതങ്ങളുടേയും ഛായാഗ്രഹണം നിർവ്വഹിച്ചതും ഷാജി എൻ. കരുൺ ആയിരുന്നു. പിറവി എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ തന്നെ അദ്ദേഹം അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദികളിൽ ശ്രദ്ധ നേടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാൻ ഫിലിം ഫെസ്റ്റിവലിൽ ‘ക്യാമറ ഡി ഓർ പുരസ്‌കാരവും പിറവി സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര വേദികളിൽ മികച്ച പ്രശംസകൾ ഏറ്റുവാങ്ങിയ ഷാജി എൻ കരുൺ ചിത്രമാണ് മോഹൻലാലിനെ നായകനാക്കി 1999 ൽ പുറത്തിറങ്ങിയ ‘വാനപ്രസ്ഥം’ രഘുനാഥ് പാലേരിയും ഷാജി എൻ കരുണും ചേർന്നായിരുന്നു ചിത്രത്തിന് തിരക്കഥയെഴുതിയത്.
സ്വിസ് ഛായാഗ്രാഹകൻ റെനാറ്റൊ ബെർത്തയും സന്തോഷ് ശിവനും ചേർന്നായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം, മോഹൻലാലിന് മികച്ച നടനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും നേടി കൊടുത്തിരുന്നു.
കൂടാതെ മികച്ച എഡിറ്റിങ്ങിനും ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും വാനപ്രസ്ഥം സ്വന്തമാക്കി. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു വാനപ്രസ്ഥത്തിലെ കുഞ്ഞികുട്ടൻ എന്ന കഥാപാത്രം. കഥകളി കലാകാരനായി മികച്ച പ്രകടനമാണ് ചിത്രത്തിൽ മോഹൻലാൽ നടത്തിയത്. വാനപ്രസ്ഥത്തിന് ശേഷം ഷാജി എൻ കരുൺ- മോഹൻലാൽ കൂട്ടുകെട്ടിൽ ടി.പത്മനാഭന്റെ കടൽ എന്ന പ്രശസ്തമായ ചെറുകഥയെ ആസ്പദമാക്കി സിനിമ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു.
ഈ സ്വപ്നം യാഥാർത്ഥ്യമാകാതെയാണ് ഷാജി എൻ കരുൺ യാത്രയാകുന്നത്. എഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും 31 പുരസ്‌കാരങ്ങൾ നേടുകയും ചെയ്ത ‘പിറവി’, കാൻ ചലച്ചിത്രമേളയിൽ പാംദോറിന് നാമനിർദേശംചെയ്യപ്പെട്ട ‘സ്വം’, കാനിൽ ഔദ്യോഗികവിഭാഗത്തിൽ പ്രദർശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തർദേശീയതലത്തിൽ മലയാളസിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങൾ നേടി തന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.
മമ്മൂട്ടിയെ നായകനാക്കി 2009ൽ പുറത്തിറങ്ങിയ കുട്ടിസ്രാങ്ക് എന്ന ചിത്രം ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്ട് ആൻഡ് ലെറ്റേഴ്സ്’, പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
കാഞ്ചനസീത, തമ്ബ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദൻ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്.
പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാൻമേളയുടെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായ മൂന്നു ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂർവം സംവിധായകരിലൊരാളായി അദ്ദേഹം കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകൾ.
1998-ൽ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാൻ ആയിരുന്നു. അദ്ദേഹം ചെയർമാനായിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയിൽ മത്സരവിഭാഗം ആരംഭിച്ചതും മേളയ്ക്ക് ‘ഫിയാഫി’ന്റെ അംഗീകാരം ലഭിച്ചതും നിലവിൽ സംസ്ഥന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചെയർമാൻ ആയിരുന്നു.