പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം ; ഷഹലയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി
സ്വന്തം ലേഖിക
കല്‍പറ്റ: സ്‌കൂളിലെ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്.
രാവിലെ വീട്ടിലെത്തിയാണ് മന്ത്രി മാതാപിതാക്കളെ കണ്ടു മാപ്പ് അപേക്ഷ നടത്തിയത്. ഷഹലയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ട് ആശ്വസിപ്പിച്ച മന്ത്രി പിതാവിനെ കെട്ടിപിടിച്ച് മാപ്പ് പറയുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പു നല്‍കി. ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കൃഷിമന്ത്രി വി എസ് സുനില്‍ കുമാറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ഷഹലയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രിയെ കല്‍പറ്റയില്‍ വച്ച് എംഎസ്‌എഫ് പ്രവര്‍ത്തകരും ബത്തേരിയില്‍ വച്ച് ബിജെപി പ്രവര്‍ത്തകരും കരിങ്കൊടി കാട്ടി.
സ്‌കൂളിന് മുന്നില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മന്ത്രിയെ കരിങ്കൊടി കാണിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബത്തേരിയിലും പരിസരത്തും പൊലീസ് സാന്നിധ്യം ശക്തമാക്കിയിരുന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് ഷഹല യുടെ വീട്ടിലെത്തി.
അതേസമയം സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്‌മാസ്റ്ററെയും സസ്‌പെന്‍ഡ് ചെയ്യുകയും സ്‌കൂള്‍ പിടിഎ പിരിച്ചുവിടുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടേതാണ് ഈ നടപടി.
കുട്ടിക്കു യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അദ്ധ്യാപകന്‍ സി.പി.ഷജില്‍ കുമാറിനെയും അകാരണമായി ചികിത്സ വൈകിപ്പിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ഡോക്ടറെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി.സുരേഷാണു കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവി, വയനാട് ജില്ലാ കലക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരോട് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.
സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ എകെ കരുണാകരന്‍, വൈസ് പ്രിന്‍സിപ്പാള്‍ കെകെ മോഹനന്‍, അദ്ധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരെ പ്രതിയാക്കി പൊലീസ് സ്വമേധയാ കേസെടുത്തു. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ബത്തേരി സര്‍വജന ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌ന ആയിഷയുടെയും മകള്‍ ഷഹലയ്ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ക്ലാസ് മുറിയില്‍വച്ച് പാമ്പു കടിയേറ്റത്. ക്ലാസ് മുറിയിലെ കോണ്‍ക്രീറ്റ് തറയില്‍ ചുമരിനോട് ചേര്‍ന്ന് രണ്ടു മാളങ്ങളുണ്ട്. ഇതിലൊന്നില്‍നിന്നാണു പാമ്പ് ഷഹലയെ കടിച്ചത്. പിന്നീട് ചികിത്സ കിട്ടാന്‍ വൈകിയതോടെ കുട്ടി മരിക്കുന്നതും.