
സ്വന്തം ലേഖകൻ
ബെംഗളൂരു; കേരളത്തിലെ രാസലഹരി വിൽപ്പന സംഘത്തിലെ മുഖ്യകണ്ണിയായ മലയാളിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടി കേരള പോലീസ്. കൊളത്തറ കുണ്ടായിത്തോട് വെള്ളിവയൽ മുല്ലവീട്ടിൽ ഷാരൂഖ് ഖാൻ (22) നെയാണ് കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നല്ലളം പോലീസും ചേർന്ന് നാലുദിവസത്തെ ശ്രമങ്ങൾക്കൊടുവിൽ പിടികൂടിയത്.
ഷാരൂഖിനെ പിടികൂടുന്നതിനായി കർണാടക സ്ക്വാഡിന്റെ സഹായവും തേടിയിരുന്നു. ഇതിനിടെ പ്രതി ബെംഗളൂരുവിലെ ഉൾഗ്രാമത്തിലുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇവിടെ നടത്തിയ വ്യാപക തെരച്ചിലിലാണ് പ്രതിയെ ആഡംബര ഫ്ളാറ്റിൽ നിന്ന് പിടികൂടിയത്. 11ാം നിലയിലായിരുന്നു ഇയാളുടെ അപ്പാർട്ട്മെന്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2022 മേയ് ഒന്നിന് തുണിക്കടയിൽ ഒരാൾ എംഡിഎംഎ വിൽക്കുന്നുണ്ടെന്ന് നല്ലളം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 48.80 ഗ്രാം എംഡിഎംഎയും 16,000 രൂപയുമായി പ്രതി പിടിയിലാവുന്നത്. എന്നാൽ അന്ന് പ്രതി പോലീസിനെ വിദഗ്ധമായി കബളിപ്പിച്ച് നാടുവിടുകയായിരുന്നു.
പിന്നീട് ഇയാൾക്കായി പോലീസ് അരിച്ചുപെറുക്കിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. പിന്നീട് ഷാരൂഖിനെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണം നടത്തുകയും ഇയാൾ ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയാണെന്നും വിവരം ലഭിച്ചു.
തുടർന്ന് ഈ മാസം നല്ലളം ഇൻസ്പെക്ടർ കെ.എ. ബോസിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം ബെംഗളൂരിലേക്ക് തിരിച്ചു. കർണാടക രജിസ്ട്രേഷൻ വാഹനം വാടകയ്ക്കെടുത്തായിരുന്നു അന്വേഷണം.പ്രതി നിരന്തരമായി ഒളിത്താവളം മാറ്റുന്നത് പോലീസിന് വെല്ലുവിളിയായിരുന്നു. നാലുദിവസത്തോളം പേലീസ് ഇയാൾക്കായി തെരച്ചിൽ നടത്തി.
ഇയാളുടെ ദേഹപരിശോധന നടത്തിയതിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച 3.5 ഗ്രാമോളം എംഡിഎംഎയും കണ്ടെടുത്തു. വിശദമായി ചോദ്യം ചെയ്തതിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എംഡിഎംഎ എത്തിക്കുന്ന ശൃംഖലയുടെ വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള രാസലഹരിക്ക് അടിമകളായ നിരവധി യുവതികൾ ഇയാളുടെ താമസസ്ഥലത്തെ നിത്യസന്ദർശകരായിരുന്നു.
കർണാടകയിൽ ഇയാളെ ലഹരി മരുന്നുമായി പിടികൂടിയെങ്കിലും കേസ് ഒതുക്കി തീർത്തു. ആഡംബര ജീവിതമാണ് പ്രതി നയിച്ചത്. പ്രീമിയം ഇനത്തിൽപ്പെട്ട വസ്ത്രവും മറ്റ് വസ്തുക്കളുമാണ് ഉപയോഗിച്ചിരുന്നത്. അഞ്ച് ലക്ഷത്തോളം രൂപ വരുന്ന ബി.എം.ഡബ്ല്യു ബൈക്കും കൂടാതെ മറ്റൊരു വിലകൂടിയ ബൈക്കും ഇയാൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതായും അവ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
ഫറോക്ക് എസിപി, സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ. അർജുൻ, രാകേഷ് ചൈതന്യം, നല്ലളം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശശിധരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.പി. സന്തോഷ് കുമാർ എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.