
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിൻ്റെ ആരോപണങ്ങൾക്കെതിരെ മറുപടിയുമായി ഷാഫി പറമ്പിൽ എംപി. ഇത് ആരോപണമല്ല, അധിക്ഷേപമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ട് പോകും. പരാമർശങ്ങൾ മറുപടി പോലും അർഹിക്കുന്നില്ല.
ഇതാണോ 2026ലെ സിപിഎമ്മിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നേതാക്കൻമാർ വ്യക്തമാക്കണം. ഇതാണോ സിപിഎമ്മിൻ്റെ രാഷ്ട്രീയം. ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കലാണോ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. മാധ്യമങ്ങളോടാണ് ഷാഫിയുടെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെയാണ് ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്.
ഷാഫിക്കെതിരെയുള്ള ആരോപണം
ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ആരോപിച്ചു. ഷാഫിയും രാഹുലും ഈ കാര്യത്തിൽ കൂട്ട് കച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്‍റെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പിലെന്നും കോൺഗ്രസിലെ പല നേതാക്കളും രാഹുലിന്‍റെ അധ്യാപകരുമാണെന്നും സുരേഷ് ബാബു പരിഹസിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈംഗിക പീഡന ആരോപണം നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമായതിന് പിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെയും ഗുരുതര ലൈംഗിക ആരോപണം ഉയർന്നിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് അംഗീകരിക്കില്ല എന്നും, പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത് ശക്തമായ നടപടിയാണെന്നും, രാജി വെക്കണമെന്നും ഷാഫി പറയാൻ വെല്ലു വിളിക്കുകയാണ്. അതിനുള്ള ധൈര്യം ഷാഫിക്കുണ്ടാവില്ല. ഈ കാര്യത്തിൽ കൂട്ടുകച്ചവടമാണ്. രാഹുലിന്‍റെ ഹെഡ് മാഷ് ആണ് ഷാഫി. പിന്നെ എങ്ങനെയാണ് രാഹുലിനോട് കാര്യങ്ങൾ ചോദിക്കുകയെന്ന് ജില്ലാ സെക്രട്ടറി ചോദിക്കുന്നു.
എങ്ങനെയാണ് ഒരു രാഷ്ട്രീയ പ്രവർത്തകന് ഇങ്ങനെ പെരുമാറാനാകുന്നത്. കാണാൻ ഭംഗിയുള്ള ആരെയെങ്കിലും കണ്ടാൽ ബെംഗളൂരുവിന് ട്രിപ്പ് അടിക്കാമെന്നാണ് ഹെഡ് മാഷ് തന്നെ ചോദിക്കുന്നത്. അതിലും വലിയ അധ്യാപകരാണ് മുകളിലുള്ളത്. അതുകൊണ്ടാണ് വലിയ നേതാക്കൾ ഇവർക്കെതിരെ ഒന്നും മിണ്ടാത്തത്. രാഹുലിനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സസ്പെൻഡ് ചെയ്തതിന് പിന്നിലും ഒരു കാരണമുണ്ട്. വന്ന് വന്ന് മുറത്തിൽ കൊത്തിയപ്പോഴാണ് നടപടി ഉണ്ടായത്. അത് എന്താണെന്ന് വഴിയെ അറിയാമെന്നും സുരേഷ് ബാബു പറഞ്ഞു.