ആരോഗ്യവകുപ്പിലെ യുവതികൾ മല കയറുന്നു; പോലീസ് നിയന്ത്രണം ഏറ്റെടുത്തു
സ്വന്തം ലേഖകൻ
പത്തനംതിട്ട: ആരോഗ്യ വകുപ്പിലെ യുവതികളും, വനിതാ പോലീസും മലകയറുന്നു. മൂന്ന് യുവതികൾ സന്നിധാനത്തിൽ രാത്രിയിലെത്തിയെന്ന വാർത്ത പരന്നുവെങ്കിലും തെറ്റാണെന്ന് റിപ്പോർട്ടുകൾ. ഇപ്പോൾ കൂടുതൽ യുവതികൾ പോലീസ് സംരക്ഷണയിൽ സന്നിധാനത്തെത്താൻ യാത്രയാരംഭിച്ചു. ശബരിമലയിൽ യുവതീപ്രവേശനം വലിയൊരു തർക്ക വിഷയമായി മാറിയിരിക്കുകയാണ്. ഇതിനിടയിൽ വനിതാ പോലീസുകാരെയും ആരോഗ്യ പ്രവർത്തകരായ യുവതികളെയും മലയ്ക്ക് കയറ്റി സർക്കാർ കോടതി വിധി നടപ്പാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുകയാണ്. ശബരിമല യാത്രയ്ക്കിടെ ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിക്കുന്നതിന് വേണ്ടിയാണ് എല്ലാ പ്രാവശ്യവും ആരോഗ്യ പ്രവർത്തകർ എത്തുന്നത്. ഹൈക്കോടതി വിധി മാനിച്ച് ഇതുവരെ ഒരു വനിതാ ആരോഗ്യ പ്രവർത്തകരെയും കയറ്റിയിരുന്നില്ല. എന്നാൽ സുപ്രീം കോടതി വിധിവന്നതോടെ സർക്കാർ ഉറച്ച തീരുമാനമെടുത്തു. ഒപ്പം സർക്കാരിന് പിന്തുണയുമായി പല യുവതികളും മല കയറുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ആരോഗ്യ പ്രവർത്തകരിലൂടെ വനിതകളെ ഒരിക്കലും സർക്കാർ കയറ്റുമെന്ന് കരുതിയിരുന്നില്ല.
എന്നാൽ രഹസ്യ നീക്കത്തിലൂടെ വനിതാ ആരോഗ്യ പ്രവർത്തകരെ കയറ്റിയിരിക്കുകയാണ്. ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള വനിതകളെ തടഞ്ഞാൽ ഒരു ആരോഗ്യപ്രവർത്തകരും ശബരിമലയിൽ പോകാതെയാകും. ഇത് മല കയറുന്ന അയ്യപ്പഭക്തരുടെ യാതനകൾക്ക് ആക്കം കൂട്ടും. മല കയറ്റം പ്രായംചെന്ന പല അയ്യപ്പ ഭക്തന്മാർക്കും ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങൾ വരുത്താറുണ്ട്. ഈ സമയത്ത് ആരോഗ്യ പ്രവർത്തകർ ഇല്ലാതിരുന്നാൽ ജീവഹാനി വരെ സംഭവിക്കും. അതുകൊണ്ടുതന്നെ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യം ആവശ്യമാണ്. മല കയറുന്ന അയ്യപ്പന്മാർ യുവതികൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങിയാൽ പോലീസിന് നിയന്ത്രിക്കാനാകില്ല. അതാണിപ്പോൾ പോലീസിനെ കുഴയ്ക്കുന്നത്. ഇതിനിടയിൽ ദേവസ്വം ബോർഡ് റിവ്യൂ പെറ്റിഷൻ നൽകില്ലെന്നു ഉറപ്പിച്ചു പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group