തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതി സുരക്ഷാ ക്ലിയറൻസ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ പരിഗണനയില്‍ ഇല്ല.കെ.യു. ജനീഷ്കുമാറിന്‍റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്രസർക്കാരിന്‍റെ സൈറ്റ് ക്ലിയറൻസ്, ഡിഫൻസ് ക്ലിയറൻസ് എന്നിവ ഇതിനോടകം ലഭ്യമായിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് തയാറാക്കി. ഈ റിപ്പോർട്ട് ഉടൻ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന്‍റെ അനുമതിക്കായി സമർപ്പിക്കും. വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ കേന്ദ്രത്തില്‍നിന്നും ആരോഗ്യകരമായ സമീപനമാണുള്ളത്.
സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് തയാറാക്കിയ അന്തിമ സാമൂഹിക ആഘാത വിലയിരുത്തല്‍ പഠന റിപ്പോർട്ട് പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട ഏഴംഗ വിദഗ്ധ സമിതി ശിപാർശ സമർപ്പിച്ചിട്ടുണ്ട്. സമിതിയുടെ ശിപാർശ പരിഗണിച്ച് 2,570 ഏക്കർ ഭൂമി വിമാനത്താവള നിർമാണത്തിനായി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ശബരിമല വിമാനത്താവളത്തിനു വേണ്ടി സ്പെഷല്‍ പർപ്പസ് വെഹിക്കിള്‍ രൂപീകരിക്കുന്നതിനും വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിന് ഏജൻസിയെ തെരഞ്ഞെടുക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.