ശബരിമല വിഷയത്തിൽ അഭിപ്രായ ഭിന്നത; സിപിഐയിൽ നിന്ന് കൂട്ട രാജി

ശബരിമല വിഷയത്തിൽ അഭിപ്രായ ഭിന്നത; സിപിഐയിൽ നിന്ന് കൂട്ട രാജി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലും നിലയ്ക്കലും പോലീസ് സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് സിപിഐയിൽ കൂട്ടരാജി. സിപിഐ കോഴിക്കോട് നോർത്ത് മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സി.സുധീഷും വെസ്റ്റ്ഹിൽ സൗത്ത് ബ്രാഞ്ച് സെക്രട്ടറി കെ. കണ്ണനും ഉൾപ്പെടെ എട്ടുപേരാണ് രാജിവച്ചത്. അതേസമയം സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിന് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഐ ജില്ലാ കമ്മിറ്റി വ്യക്തമാക്കി. തന്നെ പുറത്താക്കിയിട്ടില്ലെന്നും സ്വമേധയാ രാജിവയ്ക്കുകയാണെന്നും സുധീഷ് പറഞ്ഞു. സിപിഐയിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് പത്രക്കുറിപ്പുകൾ പുറത്തിറിക്കിയിരുന്നില്ല. രാജിവച്ചുകൊണ്ട് സുധീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സിപിഐ പ്രവർത്തകർ വരെ ഇക്കാര്യം അറിയുന്നത്. അതേസമയം ഇതിനു മുമ്പും പലതവണ സംഘടനാവിരുദ്ധമായി സുധീഷ് പ്രവർത്തിച്ചിരുന്നുവെങ്കിലും പാർട്ടിയിൽ നിന്ന് പുറത്താക്കാത്തത് ഏറെ ചർച്ചയായിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിധി നടപ്പാക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാറിനെതിരെ കോഴിക്കോട്ട് മാനാഞ്ചിറയിൽ സുധീഷിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.

സുധീഷും മറ്റു ചില നേതാക്കളുമായിരുന്നു പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകിയത്. സിപിഐ കോടതി വിധിയോട് അനുകൂലമായി പ്രതികരിച്ച സാഹചര്യത്തിലായിരുന്നു സുധീഷ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സുധീഷ് നേരത്തെ ബിജെപി പ്രവർത്തകനായിരുന്നു. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ബിഡിജെഎസിൽ എത്തി. ഇവിടെ നിന്നുമാണ് സിപിഐയിലേക്ക് മാറിയത്. സുധീഷിനൊപ്പം മറ്റു ചില പ്രവർത്തകരുമുണ്ടായിരുന്നു. സിപിഐ ദേശീയ കൗൺസിൽ അംഗം സി എൻ ചന്ദ്രനായിരുന്നു ഇവരെ സ്വീകരിച്ചത്. സിപിഐയിൽ എത്തിയപ്പോഴും സുധീഷ് എസ്എൻഡിപി താലൂക്ക് യൂണിയൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. ഈ സ്ഥാനം ഉപയോഗിച്ചാണ് അദ്ദേഹം പ്രതിഷേധ യോഗത്തിൽ സംബന്ധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജി അറിയിച്ചുകൊണ്ടുള്ള സുധീഷിന്റെ പോസ്റ്റ്-

ശബരിമലയിലെ അയ്യപ്പഭക്തൻമാരുടെ സഹനസമരത്തെ രാഷ്ട്രീയവൽക്കരിച്ചു കൊണ്ട് പമ്പയിലും നിലക്കലിലും സ്ത്രീകളുൾപ്പെടെയുള്ള ഭക്തൻമാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു കൊണ്ട് പോലീസ് നടത്തിയ നരനായാട്ട് അപലപനീയവും വേദനാജനകവുമാണ്. പിറവം ക്രൈസ്തവ ദേവാലയത്തിന്റെ കാര്യത്തിൽ സുപ്രീം കോടതി വിധി ഉണ്ടായിട്ടുപോലും വിശ്വാസികളുടെ എതിർപ്പ് കാരണം കഴിഞ്ഞ ഒരു വർഷക്കാലമായി വിധി നടപ്പിലാക്കുന്നത് വൈകിപ്പിച്ച പിണറായി സർക്കാർ ശബരിമലയിലെ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ കാണിച്ച തിടുക്കവും ഹൈന്ദവ ആചാരങ്ങളോടും വിശ്വാസപ്രമാണങ്ങളോടും കാണിക്കുന്ന ശത്രുതാ മനോഭാവവും അസഹനീയമാണ്. അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും വ്രണപ്പെടുത്തുന്ന എൽഡിഎഫ് സർക്കാറിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാടിൽ വിശ്വാസി എന്ന നിലയിൽ അംഗീകരിക്കാൻ സാധ്യമല്ല. ആയതിനാൽ ഈയൊരു നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് ഞങ്ങൾ രണ്ടുപേരും ടി.ഷനൂബ്, കെ.ബിനുകുമാർ, പി.കെ. ശ്രീലത, പി.വി. സുരേഷ് ബാബു, പി.സരോജം, കെ.പവിത്രൻ, എം. ഷിംജിത്ത്, പി. സജീവ് എന്നീ പാർട്ടി അംഗങ്ങളും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും നിരുപാധികം രാജിവെച്ചതായി അറിയിക്കുന്നു. തുടർന്ന് സ്വതന്ത്രമായ പൊതുപ്രവർത്തനരംഗത്ത് ശക്തമായി തുടരുന്നതാണ്.