ശബരിമലയിലെ അറസ്റ്റിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാരിന് നോട്ടീസ്: അറസ്റ്റിലായവർ ഭക്തരാണ്; അവർക്കും നീതി ലഭിക്കണം

ശബരിമലയിലെ അറസ്റ്റിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാരിന് നോട്ടീസ്: അറസ്റ്റിലായവർ ഭക്തരാണ്; അവർക്കും നീതി ലഭിക്കണം

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമലയിൽ സംഘർഷമുണ്ടാക്കിയതായി ആരോപിച്ച് സർക്കാർ അറസ്റ്റ് ചെയ്ത് റിമാൻഡിലടച്ച അയ്യപ്പഭക്തർക്കായി ബിജെപിയും എൻഡിഎയും സംഘപരിവാറും രംഗത്ത്. അറസ്റ്റിലായി ദിവസങ്ങളോളം റിമാൻഡിൽ കഴിഞ്ഞവർ അയ്യപ്പ ഭക്തൻമാരാണെന്നും, ഇവർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് സർക്കാരിനു കേരള കോൺഗ്രസ് ചെയർമാൻ പി.സി തോമസ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് ദേശീയ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകളെയും, സുപ്രീം കോടതിയെയും സമീപിക്കുന്നതിനും പി.സി തോമസ് തീരുമാനിച്ചു. ഇതേ തുടർന്ന് സർക്കാരിന് വക്കീൽ നോട്ടീസ് അയക്കാനുള്ള നടപടികൾ പി.സി തോമസ് സ്വീകരിച്ചു. ശബരിമല സന്നിധാനത്ത് നാമജപം നടത്തിയതിന്റെ പേരിൽ കഴിഞ്ഞ 19 നാണ് 69 പേരെ സന്നിധാനത്ത് അറസ്റ്റ് ചെയ്തത്. ഇവരെ കോടിതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് തെറ്റായ നടപടികളുടെ ഭാഗമായാണെന്നാണ് വാദം. രാഷ്ട്രീയത്തിന്റെ പേരിൽ മാത്രമാണ് ഇപ്പോൾ നടപടിയുണ്ടാകുന്നത്. സന്നിധാനത്ത് എത്തിയവരെല്ലാം അയ്യപ്പഭക്തരായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തത് ക്രമസാമാധാന പാലത്തിന്റെ പേരിലല്ല. രാഷ്ട്രീയത്തിന്റെ പേരിൽ മാത്രമാണ്. സന്നിധാനത്ത് ഇരുമുട്ടിക്കെട്ടുമായി എത്തിയ അയ്യപ്പഭക്തരെയാണ് ഇത്തരത്തിൽ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റിയത്. ഇവരെ റിമാൻഡ് ചെയ്യുകയും ചെയ്തു. ഇതെല്ലാം രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണെന്ന വാദമാണ് പി.സി തോമസ് കോടതിയിലും മനുഷ്യാവകാശ കമ്മിഷനിലും ഉന്നയിക്കുന്നത്. ഇത്തരത്തിൽ ദിവസങ്ങളോളം ജയിലിൽ അടയ്ക്കപ്പെട്ടത് മൂലം ഇവർക്കു സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമായി. ഒരു കുറ്റവും ചെയ്യാതെ സന്നിധാനത്ത് ദർശനം നടത്താനെത്തിയതിന്റെ പേരിൽ, ഇവിടെ നാമം ജപിച്ചതിന്റെ പേരിൽ മാത്രമാണ് ഇവർ അറസ്റ്റിലായി റിമാൻഡിൽ പോയത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് ഇപ്പോൾ ഇവർ ഉയർത്തുന്ന വാദം.
ഇതിനിടെ ശബരിമല വിഷയത്തിൽ അറസ്റ്റിലായവർക്കെതിരെ ഗുരുതര വകുപ്പുകൾ തന്നെ ചുമത്തി നിയമ നടപടികൾ തുടരാനാണ് സർക്കാർ ആലോചിക്കുന്നത്. കോടികളുടെ നഷ്ടമാണ് സർക്കാർ ഇപ്പോൾ തിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ തുക അറസ്റ്റിലായവരിൽ നിന്നും ഈടാക്കാനാണ് നീക്കം നടക്കുന്നത്.