യുവതികൾ ശബരിമലയിൽ എത്തിയാൽ നട അടച്ചിടണം; കേരളത്തിലെ ആദ്യ ദളിത് പൂജാരി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനത്തിൽ സുപ്രിം കോടതി വിധിക്കെതിരെ ആദ്യത്തെ ദളിത് പൂജാരി യദൂകൃഷ്ണൻ. നൂറ്റാണ്ടുകളായുള്ള ആചാരങ്ങളിലും വിശ്വാസങ്ങളിൽ മേലുള്ള കടന്നു കയറ്റമാണ് സുപ്രീംകോടതി ചെയ്തത്. വിശ്വാസികളുടെ പുണ്യസങ്കേതമായ ശബരിമലയെ സുപ്രീംകോടതി വിധി കളങ്കപ്പെടുത്തും. വ്രതശുദ്ധിയോടെയാണ് ഭക്തർ ശബരിമലയിൽ എത്തുന്നത്. ഇത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യദു കൃഷ്ണൻ ആരോപിച്ചു. ദളിത് സംഘടനകൾ ഒറ്റക്കെട്ടായി സുപ്രീംകോടതി വിധിക്കെതിരെ രംഗത്ത് വരണം. ദളിത് എന്ന ലേബലിൽ എന്തിന് മാറ്റിനിർത്തപ്പെടണം. ദളിതർ ഹിന്ദുവാണ്. ദളിതർ ഉയർന്നുവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും യദുകൃഷ്ണൻ പറയുന്നു. വിശ്വാസ കാര്യങ്ങൾ സുപ്രീംകോടതിയ്ക്ക് തീരുമാനിക്കാനാവുന്ന ഒന്നല്ല. ക്ഷേത്രം ആർക്കും കയറി നിരങ്ങാവുന്ന സ്ഥലമല്ലെന്നും ശബരിമലയെ നശിപ്പിക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്നും അദ്ദേഹം തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും ശബരിമലയിൽ എത്തിയാൽ നട അടച്ച് സ്ത്രീകളെ കയറ്റാതിരിക്കാനും തടയാനുമുള്ള അവകാശം തന്ത്രിമാർക്കുണ്ടെന്നും അദ്ദേഹം പറയുന്നു.സ്ത്രീ പ്രവേശനം അനിവാര്യതയല്ല. സ്ത്രീകൾ ശബരിമലയിൽ കയറിയാൽ പ്രത്യാഘാതമുണ്ടാകുമെന്നും ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. എനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന സോഷ്യൽ മീഡിയ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും യദൂകൃഷ്ണൻ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group