ശബരിമലയിൽ പോകാൻ മാലയിട്ട യുവതിയെ സ്വകാര്യ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു

ശബരിമലയിൽ പോകാൻ മാലയിട്ട യുവതിയെ സ്വകാര്യ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ കമ്പനിയിൽ നിന്ന് ശബരിമലയിൽ പോകാൻ മാലയിട്ട യുവതിയെ പിരിച്ചുവിട്ടു. സ്ത്രീപ്രവേശന വിഷയം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ ശബരിമലയ്ക്ക് പോകാൻ മാലയിട്ടതിന്റെ പേരിൽ യുവതിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിട്ടതായി ആരോപണം. കോഴിക്കോട് സ്വകാര്യസ്ഥാപനത്തിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന യുവതിയ്‌ക്കെതിരെയാണ് മാനേജ്‌മെന്റ് നടപടിയെടുത്തതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് യുവതി കോഴിക്കോട്ടെ ഒരു ക്ഷേത്രത്തിൽ വച്ച് മലയ്ക്ക് പോകാൻ മാലയിട്ടത്. അക്കാര്യം അവർ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. മാലയിട്ടതിനുശേഷം യുവതിക്ക് നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടായിരുന്നു.

യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ചെന്നും ചിലർ ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഇതേത്തുടർന്ന് യുവതിയോട് തൽക്കാലത്തേക്ക് അവധിയിൽ പ്രവേശിക്കാൻ ഹെഡ് ഓഫീസിൽ നിന്ന് ചൊവ്വാഴ്ച്ച അറിയിച്ചു. സെയിൽസ് വിഭാഗത്തിലായതിനാൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകളുണ്ടാകുമെന്ന വിശദീകരണമാണ് മാനേജ്‌മെന്റ് നല്കിയത്. എന്നാൽ, അവധിയിൽ പ്രവേശിപ്പിക്കുകയാണെന്ന വ്യാജേന ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണ് ചെയ്തതെന്ന് യുവതി പറഞ്ഞതായാണ് സുഹൃത്ത് അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാപനത്തിന്റെ വിശദീകരണം ഉത്സവകാലത്ത് കൂടുതൽ ജോലിക്കാരെ ആവശ്യമായി വരുമ്പോൾ ഉൽപന്ന കമ്പനികൾ കടകളിലേക്ക് പ്രമോട്ടർമാരായി കൂടുതൽ ജോലിക്കാരെ താൽക്കാലികമായി നിയമിക്കാറുണ്ട്. ഉത്സവ കാലം കഴിയുന്ന മുറയ്ക്ക് അവർ തന്നെ ജോലിക്കാരെ പിൻവലിക്കുകയും ചെയ്യും. ജോലിക്കാരുടെ ശമ്പളവും മറ്റ് കാര്യങ്ങളുമെല്ലാം അതാത് കമ്പനികൾ തന്നെയാണ് നൽകാറ്. അങ്ങനെ ഒരു ഗൃഹോപകരണ കമ്പനിയുടെ ജോലിക്കാരിയായി എത്തിയതാണ് ഈ പെൺകുട്ടി. ഓണക്കാലത്ത് വന്ന അവരെ കഴിഞ്ഞ ദിവസം നിയമിച്ച കമ്പനി തന്നെ പിൻവലിക്കുകയായിരുന്നു. ഇത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണ്.