
നിലമ്പൂര്‍ ഷാബാ ഷെരീഫ് വധം; ഒളിവില്‍ കഴിയാന്‍ പ്രതിയെ സഹായിച്ച ആള്‍ അറസ്റ്റില്‍
സ്വന്തം ലേഖിക
മലപ്പുറം: നിലമ്പൂര്‍ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് വധത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.
വണ്ടൂര്‍ സ്വദേശി മിഥുന്‍ (28) ആണ് പിടിയിലായത്. ഒളിവില്‍ കഴിയുന്ന പ്രതിയെ സഹായിച്ചതിനാണ് അറസ്റ്റ്. അതേസമയം ഷാബാ ഷെരീഫിന്‍റെ മൃതദേഹ ആവശിഷ്ടങ്ങള്‍ക്കായി ചാലിയാര്‍ പുഴയില്‍ എടവണ്ണ പാലത്തിന് സമീപം നേവി സംഘം നടത്തിയ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരച്ചിലില്‍ ലഭിച്ച പ്ലാസ്റ്റിക് കവറുകളും എല്ലുകളോട് സാമ്യമുള്ള വസ്തുവും കോടതി അനുമതിയോടെ പരിശോധനക്ക് അയച്ചിട്ടുണ്ട്. പാലത്തിനു താഴെ അറവ് മാലിന്യങ്ങള്‍ ഉള്‍പ്പടെ തള്ളുന്ന സ്ഥലത്തു നിന്നാണ് ഈ വസ്തുക്കള്‍ ലഭിച്ചത് എന്നതിനാല്‍ വിശദ ഫോറന്‍സിക് പരിശോധനകള്‍ നടത്തണമെന്ന് പൊലീസ് അറിയിച്ചു.
2019 ലാണ് മൈസൂര്‍ സ്വദേശിയായ വൈദ്യന്‍ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്‌റഫിന്‍റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരില്‍ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു.
മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യപ്രതിയുടെ ലക്ഷ്യം. ഒന്നേ കാല്‍ വര്‍ഷത്തോളം നിലമ്പൂരിലെ വീട്ടില്‍ തടവിലിട്ട് വൈദ്യനെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചു. വീട്ടില്‍ ശുചിമുറിയോട് കൂടിയ മുറി പ്രത്യേകം സജ്ജമാക്കിയാണ് ഒറ്റമൂലി വൈദ്യനെ തടവില്‍ പാര്‍പ്പിച്ചത്.
2020 ഒക്ടോബറില്‍ ചികിത്സാ രഹസ്യം ചോര്‍ത്തിയെടുക്കാനുള്ള മര്‍ദ്ദനത്തിനിടെ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. തുടര്‍ന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി മലപ്പുറം എടവണ്ണ സീതിഹാജി പാലത്തില്‍ നിന്നും ചാലിയാറിലേക്ക് എറിയുകയായിരുന്നെന്ന് പൊലീസ് പറയുന്നു.