
ഓട്ടോ ഡ്രൈവറായിരുന്ന ആൾ 350 കോടി ആസ്തിയുള്ള ധാനികനായി മാറിയത് കണ്ണടച്ചു തുറക്കും മുമ്പ്; അതിവേഗ വളർച്ച ഗൾഫിലേക്ക് ചുവടുമാറിയതോടെ; പണിയുന്നത് 30 കോടി രൂപയുടെ വീട്; അറബിയുമായി ഒന്നിച്ച് ഡീസൽ വ്യവസായം; ഹുതി വിമതർക്ക് ഇന്ധനം എത്തിക്കുന്ന ഇടപാടെന്നും സൂചന; ‘സ്റ്റാർ വൺ ഗ്രൂപ്പ്’ ക്വട്ടേഷൻ സംഘത്തിന്റെ അമരക്കാരൻ; ഷാബാ ഷെരീഫ് കൊലപാതകത്തിലെ പ്രതി ഷൈബിൻ അഷ്റഫിന്റേത് ചേരിയിൽ നിന്നും തുടങ്ങി ഡോണായി മാറിയ കഥ
സുൽത്താൻ ബത്തേരി: മൈസൂരു രാജീവ് നഗറിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റേത് ശരിക്കുമൊരു ചേരിയിൽ നിന്നും തുടങ്ങി ഡോണായി മാറിയ മാഫിയാ രാജാവിന്റേതിന് സമാനമാണ്. അത്രയ്ക്ക് വേഗത്തിൽ കണ്ണടച്ചു തുറക്കും മുമ്പാണ് സുൽത്താൽ ബത്തേരിയിലെ മൈതാനിക്കുന്നിൽ ഓട്ടോ ഡ്രൈവറായിരുന്ന ആൾ 350 കോടി ആസ്തിയുള്ള ധാനികനായി മാറിയത്.
എന്നാൽ, ഏതു വഴിയാണ് ഈ പണം ഷൈബിൻ അഷ്റഫ് സമ്പാദിച്ചത് എന്നത് ഇന്നും രഹസ്യമാണ്. ഗൾഫിലേക്ക് ചുവടുമാറിയതോടെയാണ് അതിവേഗ വളർച്ച ഇയാൾക്ക് ഉണ്ടായതെന്ന് വ്യക്തം. സുൽത്താൻ ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലിൽനിന്നാണ് 350 കോടി രൂപയുടെ ആസ്തിയുള്ള ‘പ്രവാസി വ്യവസായി’യിലേക്കുള്ള ഇയാളുടെ വളർച്ച.
വയനാട് സുൽത്താൻ ബത്തേരിയിൽ ഷൈബിൻ അഷ്റഫിനു വേണ്ടി കോടികളുടെ അത്യാഡംബര വീടിന്റെ നിർമാണം പുരോഗമിക്കവേയാണ് ഇയാൾ അറസ്റ്റിലായത്. ഇതോടെയാണ് ഷൈബിന്റെ ധനശ്രോതസ്സിന്റെ നിഗൂഢതകൾ ഉയർന്നുവന്നത്. ഒരു ഏക്കറോളം വിസ്തൃതിയിൽ ഇപ്പോൾ പണിതുകൊണ്ടിരിക്കുന്ന വീടിന് 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിഥി മന്ദിരങ്ങളും വാച്ച് ടവറും ഇടനാഴികളും താമരക്കുളവുമൊക്കെയായി അത്യാഡംബര രീതിയിൽ അറേബ്യൻ കൊട്ടാരങ്ങളുടെ മാതൃകയിലാണ് വീടിന്റെ നിർമാണം. എട്ടുവർഷം മുമ്പാണ് വീടിന്റെ നിർമാണപ്രവൃത്തി ആരംഭിച്ചത്. എന്നാൽ, ഇതിനിടയിൽ ലഹരി മരുന്ന് കടത്തുകേസിൽ ദുബൈയിൽ അറസ്റ്റിലാകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു.
പിന്നാലെ വൃക്കരോഗവും വന്നതോടെ വീടിന്റെ നിർമാണം താൽക്കാലികമായി നിർത്തിവെച്ചു. ഇതിനിടെയാണ് ഷബഹാസ് ഷെരീഫ് വധക്കേസിൽ അറസ്റ്റിലായത്. പത്തുവർഷം മുമ്പുവരെ നാട്ടിൽ ഓട്ടോ ഓടിച്ചും ലോറി ക്ലീനറായുമെല്ലാം നടന്നിരുന്നയാളാണ് ഷൈബിൻ. ഇതിനിടെ, മാതാവ് ജോലി തേടി ഗൾഫിലേക്കു പോയി. മാതാവിന്റെ ബന്ധങ്ങൾ ഉപയോഗിച്ചാണ് ഷൈബിനും ഗൾഫിലെത്തിയത്.
പിന്നീടുള്ള വളർച്ച അതിവേഗത്തിലായിരുന്നു. മുക്കട്ടയിലെ വീട് രണ്ടുകോടി രൂപ നൽകിയാണ് വാങ്ങിയത്. നാല് ആഡംബര കാറും മറ്റു വാഹനങ്ങളും ഇയാൾക്ക് സ്വന്തമായുണ്ട്. തമിഴ്നാട്ടിൽ ഹെക്ടർ കണക്കിന് ഭൂമിയുമുണ്ട്. അബുദാബിയിൽ അറബിയുമായി ഒന്നിച്ച് ഡീസൽ വ്യവസായമാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. ഹുതി വിമതർക്ക് ഇന്ധനം എത്തിക്കലായിരുന്നു ഇടപാടെന്നും അന്ന് നാട്ടിൽ പറഞ്ഞു കേട്ടിരുന്നു.
എന്നാൽ, യുവാക്കളെ സംഘടിപ്പിച്ചു ക്വട്ടേഷൻ പരിപാടികളുടെ അമരക്കാരനായും ഷൈബിൻ നിലകൊണ്ടു.
‘സ്റ്റാർ വൺ ഗ്രൂപ്പ്’ എന്ന പേരിലാണ് ഷൈബിൻ അഷ്റഫിന്റെ വ്യവസായ ശൃംഖല പ്രവർത്തിക്കുന്നത്. സ്റ്റാർ വൺ ഗ്രൂപ്പ് ക്വട്ടേഷൻ രീതിയിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നതെന്നും നാട്ടുകാർ പറയുന്നു. 2014-15 കാലഘട്ടത്തിൽ റഹ്‌മത്ത് നഗർ, പുത്തൻകുന്ന്, കൽപഞ്ചേരി എന്നിവിടങ്ങളിൽനിന്ന് നിരവധി യുവാക്കളെ ഇദ്ദേഹം ജോലിക്കായി വിദേശത്തേക്ക് കൊണ്ടുപോയിരുന്നു.
ഇവരിൽ പലർക്കും വിദേശത്തും നാട്ടിലുമായി ജോലി തരപ്പെടുത്തി നൽകുകയും ചെയ്തു. എന്നാൽ, നാട്ടിലേക്ക് തിരിച്ചെത്തിയ പലരും പിന്നീട് ഷൈബിന്റെ ക്വട്ടേഷൻ സംഘത്തിന്റെ ഭാഗമാകുകയായിരുന്നു. ഷൈബിൻ നാട്ടിലെത്തുമ്പോഴെല്ലാം ഇദ്ദേഹം വലിയ ആഡംബര വാഹനങ്ങളിൽ പുറത്തിറങ്ങുമ്പോൾ മുന്നിലും പിന്നിലും എസ്കോർട്ടായി ഈ യുവാക്കളുണ്ടാവാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഏറ്റവുമൊടുവിൽ ഷൈബിൻ അഷ്റഫ് സ്പോൺസർ ചെയ്ത വടംവലി ടീമിനെതിരെ മത്സരിച്ചു ജയിച്ച ടീമിലെ സംഘാംഗങ്ങളെ ഇദ്ദേഹം ക്വട്ടേഷൻ നൽകി മർദ്ദിച്ചിരുന്നു. മർദ്ദനമേറ്റ കൂട്ടത്തിലുള്ള ഒരു യുവാവ് പിന്നീട് മരിച്ചു. കൊട്ടാരസമാനമായ വീട്ടിൽ കെട്ടിത്തൂക്കി തന്നെ മർദ്ദിച്ചുവെന്ന് ഇദ്ദേഹം പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. വീടിനകത്ത് സിംഹാസനത്തിൽ ഒരാളുണ്ടായിരുന്നു. അയാൾക്കു ചുറ്റും ആജ്ഞാനുവർത്തികൾ പോലെ നിരവധി പേർ അംഗരക്ഷകരായും ഉണ്ടായിരുന്നുവെന്നും മൊഴിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
മർദ്ദിച്ച് അവശനാക്കിയ ശേഷം കണ്ണുകെട്ടി ഒരു കാപ്പിത്തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ കേസ് ഇപ്പോഴും എവിടെയും എത്തിയിട്ടില്ല. അതേസമയം, കൊടുംകുറ്റവാളിയാണെങ്കിലും ഷൈബിൻ അഷ്റഫിന് മികച്ച സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുള്ള ഓണററി ഡോക്ടറേറ്റ് ബിരുദവും നേടിയിരുന്നു. പ്ലസ്ടു യോഗ്യത മാത്രമുള്ള ഷൈബിൻ വിദേശ സർവകലാശാലയിൽ നിന്നാണ് ഓണററി ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. മലേഷ്യയിൽ നിന്നാണെന്നാണു സൂചന.
ഡോക്ടറേറ്റ് നേടിയ ഷൈബിനെ ഒരു പ്രമുഖ രാഷ്ട്രീയപ്പാർട്ടിയുടെ നേതൃത്വത്തിൽ 2014-ൽ ആദരിച്ചിരുന്നു. എസ്എസ്എൽസി അടക്കമുള്ള വിവിധ പരീക്ഷകളിലെ വിജയികളെ അനുമോദിക്കാൻ ടൗണിനു സമീപത്തുള്ള ഒരു സംഘടനയുടെ സ്ഥാപനത്തിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഇത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി അടുപ്പം സ്ഥാപിക്കാൻ ഹോട്ടലുകളിലും റിസോർട്ടുകളിലുമെല്ലാം ഷൈബിൻ വിരുന്നു സത്കാരങ്ങളടക്കം സംഘടിപ്പിച്ചിരുന്നു.
ഉദ്യോഗസ്ഥരെയും നേതാക്കൾ അടക്കമുള്ളവരെയും ക്ഷണിച്ച് മദ്യവും പണവും നൽകി സത്‌കരിച്ചു. ഈ ബന്ധങ്ങൾ മറ്റുപല കാര്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ മുമ്പ് ബത്തേരി പോലീസ് സ്റ്റേഷനിൽ എസ്ഐ ആയിരുന്ന ഉദ്യോഗസ്ഥനുമായി ബന്ധം സ്ഥാപിച്ചാണ് തനിക്കെതിരേവന്ന പരാതികൾ ഷൈബിൻ ഒതുക്കിത്തീർത്തത്.
ബത്തേരിയിലെ മയക്കുമരുന്ന്-ഗുണ്ടാമാഫിയാ സംഘത്തലവന്റെ കൂട്ടാളിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതിന് ഷൈബിനെതിരേ ബത്തേരി സ്റ്റേഷനിൽ കേസുണ്ടായിരുന്നു. എസ്ഐ ഇടപെട്ടാണ് ഈ കേസ് പിൻവലിപ്പിച്ചത്.
പരാതിക്കാർക്ക് തായ്‌ലാൻഡിലേക്ക് വിനോദസഞ്ചാരയാത്ര ഒരുക്കിയും വലിയ തുക പ്രതിഫലം നൽകിയുമാണ് ഷൈബിൻ കേസ് പിൻവലിപ്പിച്ചത്.
ജോലിയിൽനിന്നു വിരമിച്ചശേഷം ഷൈബിന്റെ സഹായിയും നിയമോപദേശകനുമായി മാറിയ എസ്ഐക്ക് മാസം മൂന്നുലക്ഷത്തോളം രൂപ ശമ്പളം നൽകിയിരുന്നതായും വിവരമുണ്ട്. ഇതേക്കുറിച്ച് ഇയാൾ തന്നെയാണ് നാട്ടുകാരോടു പറഞ്ഞത്. പലപ്പോഴും ഗൾഫ് രാജ്യങ്ങളിലെ നോട്ടുകൾ ഇന്ത്യൻ രൂപയിലേക്കു മാറ്റിയെടുക്കാൻ ഈ മുൻ ഉദ്യോഗസ്ഥൻ എത്തിയിരുന്നതായും ആളുകൾ കണ്ടിട്ടുണ്ട്.
പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ ഇപ്പോൾ അറസ്റ്റിലായ പ്രതികൾ അടക്കമുള്ള ഷെബിൻ അഷ്റഫിന്റെ കൂട്ടാളികൾ ബത്തേരിയിൽ സ്ഥിരമായി തമ്പടിച്ചിരുന്നത് മന്തൊണ്ടിക്കുന്നിലെ ഒരു വീട്ടിലാണ്. ഷൈബിൻ ബത്തേരിയിലെത്തുമ്പോൾ മന്തൊണ്ടിക്കുന്നിലെ ദേശീയപാതയോരത്തെ വീട് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഷൈബിൻ അഷ്റഫും സംഘവും കൂടുതൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ തെളിവുകളും നേരത്തെ പുറത്തുവന്നിരുന്നു.
അബൂദബിയിൽ ഹാരിസ് എന്നയാളെയും ഒരു സ്ത്രീയെയും കൊല്ലാനായി തയാറാക്കിയ പദ്ധതി രൂപരേഖയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതികളായ ഷൈബിൻ അഷ്റഫും കൂട്ടാളികളും സംസ്ഥാനത്ത് വിവിധ കുറ്റകൃത്യങ്ങൾക്കും തട്ടിക്കൊണ്ടുപോകലിനും പദ്ധതിയിട്ടതായി പുറത്തുവന്ന ശബ്ദസന്ദേശങ്ങളിൽ നിന്ന് വ്യക്തമാണ്.
ഷൈബിൻ അഷ്റഫിന്റെ ലാപ്പ്ടോപ്പിൽനിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ആത്മഹത്യയെന്നു തോന്നുന്ന രീതിയിൽ രണ്ടുപേരെ കൊലപ്പെടുത്തുന്നതിന്റെ വിശദമായ പദ്ധതിരേഖയും വീഡിയോയുമാണ് പറത്തുവന്നത്. തട്ടികൊണ്ടുപോകലും ഭവനഭേദനവും ഉൾപ്പെടെ ഒട്ടേറെ ആസൂത്രിത കുറ്റകൃത്യങ്ങൾ ഷൈബിനും സംഘവും നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇതുവരെ പുറത്തുവന്ന ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും.
ഓരോ കുറ്റകൃത്യവും നടപ്പാക്കുന്നതിനെക്കുറിച്ച് വിശദമായ പദ്ധതികളാണ് സംഘം തയാറാക്കിയിരുന്നത്.
2022 ഏപ്രിൽ 23ന് ഏതാനുംപേർ തന്റെ വീട്ടിൽ കയറി തന്നെ മർദ്ദിച്ചുവെന്ന ഷൈബിൻ അഷ്റഫിന്റെ പരാതിയാണ് ഷാബാ ഷെരീഫ് കൊലപാതകക്കേസ് പുറത്തുകൊണ്ടുവന്നത്. ഇയാളെ അക്രമിച്ച കേസിലെ അഞ്ചുപ്രതികൾ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ തീ കൊളുത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയും ഷാബാ ഷെരീഫ് കൊലപാതകമടക്കമുള്ള ഷൈബിന്റെ കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുകയുമായിരുന്നു.
ഇതേത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഷാബാ ഷെരീഫ് കേസിൽ ശിക്ഷ ഉറപ്പായതോടെ ഷൈബിന്റെ സാമ്രാജ്യം രക്ഷയില്ലാത്ത അവസ്ഥയിലാണ്. 2019 ഓഗസ്റ്റിൽ മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്ന നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ ഒന്നരവർഷത്തോളം ഷൈബിന്റെ മുക്കട്ടയിലെ വീട്ടിൽ തടവിലാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ.
കൊലപാതകവുമായി ബന്ധപ്പെട്ട് ചെറിയ തെളിവുകൾ ഷൈബിന്റെ വീട്ടിൽനിന്ന് ലഭിച്ചിരുന്നു. എങ്കിലും മൃതദേഹം തള്ളിയതായി പ്രതികൾ മൊഴിനൽകിയ ചാലിയാർ പുഴയിൽ എടവണ്ണ സീതിഹാജി പാലത്തിനുസമീപം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഷൈബിൻ ഉപയോഗിച്ച കാറിൽനിന്നു ലഭിച്ച മുടി ഷാബാ ഷെരീഫിന്റേതാണെന്ന ഡിഎൻഎ പരിശോധനാഫലമാണ് കേസിൽ നിർണായകമായത്. മൂലക്കുരു ചികിത്സിച്ചു ഭേദപ്പെടുത്തിയിരുന്ന ഷാബാ ഷെരീഫിൽനിന്ന് ഇതിന്റെ ഒറ്റമൂലി രഹസ്യം ചോർത്താൻ 2019 ഓഗസ്റ്റ് ഒന്നിന് നിലമ്പൂർ മുക്കട്ട സ്വദേശിയായ വ്യവസായി ഷൈബിൻ അഷ്റഫിന്റെ സംഘം അദ്ദേഹത്തെ മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്നു മുക്കട്ടയിലെ വീട്ടിൽ തടവിൽ പാർപ്പിക്കുകയും രഹസ്യം കൈമാറാതെ വന്നതോടെ 2020 ഒക്ടോബർ എട്ടിന് കൊലപ്പെടുത്തുകയുമായിരുന്നു. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം.