play-sharp-fill
എസ്.എഫ്.ഐക്കാർക്ക് ഇനി ജന്മത്ത് പി.എസ്.സി പരീക്ഷ എഴുതാനാവില്ല; ജീവിതകാലം വിലക്കുമായി പി.എസ്.സി; പരീക്ഷാ തട്ടിപ്പ് സംഘത്തിന് ഉത്തരം എസ്.എം.എസ് ആയി ലഭിച്ചെന്ന് പി.എസ്.സിയുടെ കണ്ടെത്തൽ

എസ്.എഫ്.ഐക്കാർക്ക് ഇനി ജന്മത്ത് പി.എസ്.സി പരീക്ഷ എഴുതാനാവില്ല; ജീവിതകാലം വിലക്കുമായി പി.എസ്.സി; പരീക്ഷാ തട്ടിപ്പ് സംഘത്തിന് ഉത്തരം എസ്.എം.എസ് ആയി ലഭിച്ചെന്ന് പി.എസ്.സിയുടെ കണ്ടെത്തൽ

സ്വന്തം ലേഖകൻ
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ സഹ സഖാവിനെ കത്തിക്ക് കുത്തി വീഴ്ത്തിയ കേസിലെ പ്രതികളായ എസ്.എഫ്.ഐക്കാർക്ക് ഇനി ജന്മത്ത് പി.എസ്.സി പരീക്ഷ എഴുതാൻ സാധിക്കില്ല. പരീക്ഷയിൽ ക്രമക്കേട് കാട്ടി പൊലീസ് റാങ്ക് ലിസ്റ്റിൽ പ്രതികൾ കടന്നു കൂടിയെന്ന് വ്യക്തമായതോടെ ഇരുവരെയും ആജീവനാന്തം പി.എസ്.സി പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കാൻ പബ്ലിക്ക് സർവീസ് കമ്മിഷൻ തീരുമാനിച്ചു.
്പ്രതികൾ പി.എസ്.സിയുടെ പൊലീസ് റാങ്ക് ലിസ്റ്റ്  പട്ടികയിൽ ഉൾപ്പെട്ടത് ക്രമക്കേടിലൂടെയെന്ന് വ്യക്തമായി. പരീക്ഷയിലാണ് ക്രമക്കേട് നടത്തിയത്. ഇവരെ റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതായി പി.എസ്.സി അറിയിച്ചു.
ഇവർക്ക് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനും പി.എസ്.സി നിർദേശിച്ചിട്ടുണ്ട്.
കെ.എ.പി നാലാം ബറ്റാലിയന്റെ റാങ്ക് പട്ടികയിലാണ് കേസിലെ ഒന്നാം പ്രതിയും എസ്.എഫ്.ഐ മുൻ യൂനിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്ത് ഒന്നാമനായും രണ്ടാം പ്രതിയും എസ്.എഫ്.ഐ മുൻ യൂനിറ്റ് സെക്രട്ടറിയുമായ എ.എൻ നസീം പട്ടികയിലെ 28-ാം റാങ്കുകാരനായും ഇടംനേടിയിരുന്നത്. കൂടാതെ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗമായിരുന്ന പി.പി പ്രണവും പട്ടികയിലെ രണ്ടാം റാങ്കുകാരനാണ്. പി.എസ്.സി സിവിൽ പൊലിസ് ഓഫീസർ പരീക്ഷ കടുപ്പമായതുകൊണ്ട് തന്നെ കട്ട് ഓഫ് മാർക്ക് 29.67 ആയിരുന്നു. ഈ പരീക്ഷയിൽ 78.33 മാർക്കാണ് ശിവരഞ്ജിത്ത് നേടിയത്. രണ്ടാം പ്രതി നസീമിന് 65.33 മാർക്കോടെ 28-ാം റാങ്കാണ് കിട്ടിയത്.
എന്നാൽ ഇവർക്ക് സർവകലാശാല പരീക്ഷകളിൽ ജയിക്കാനുള്ള മാർക്ക് പോലും നേടാനായിരുന്നില്ല. ഇതോടെ സംശയ നിഴലിലാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് പി.എസ്.സി ഇടപെട്ട് അന്വേഷണം നടത്തിയത്. മൂന്നു പ്രതികളും പരീക്ഷ എഴുതിയത് വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നാണ്. എന്നാൽ ഇവർക്ക് ഉത്തരങ്ങൾ എസ്.എം.എസായി ഒരേ സമയം ലഭിച്ചു. ശിവരഞ്ജിത്തിനും പ്രണവിനും ഒരേ നമ്പറിൽ നിന്നാണ് ഉത്തരങ്ങൾ ലഭിച്ചുകൊണ്ടിരുന്നത്. ഇത് ഇവരുടെ സുഹൃത്തിന്റെ ഫോൺ നമ്പറാണെന്നും വ്യക്തമായിട്ടുണ്ട്.
പരീക്ഷസമയത്ത് ഇവർ മൂന്ന് പേരും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങൾ ഇവർക്ക് എസ്എംഎസായി ലഭിച്ചുവെന്നാണ് നിഗമനം.
പരീക്ഷ കേന്ദ്രത്തിൽ ഇവരെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് പോലീസ് ആണെന്നും അതിനായി ക്രൈം കേസ് രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ റിപ്പോർട്ട് കൈമാറുമെന്നും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായി അന്വേഷണം നടത്തുമെന്ന് പിഎസ്സി വ്യക്തമാക്കി. മൂന്ന് പേരെ അയോഗ്യരാക്കി റാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കുകയും കൂടാതെ പിഎസ് സി പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയിട്ടുണ്ടെന്നും പിഎസ്സി വ്യക്തമാക്കി.