സ്വകാര്യ സർവകലാശാലകളിൽ സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണം, പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീസിൽ ഇളവുണ്ടാകണമെന്നും എസ്എഫ്ഐ

Spread the love

തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകളിൽ സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണമെന്ന് എസ്എഫ്ഐ.

കഴിഞ്ഞ വർഷം വാർഷിക ബജറ്റിൽ സ്വകാര്യ സർവകലാശാല പ്രഖ്യാപനം നടത്തിയ സമയത്ത് തന്നെ അതിനെ പറ്റിയുള്ള ആശങ്കയും അഭിപ്രായവും എസ്എഫ്ഐ പ്രസ്താവനയിലൂടെ പൊതുസമൂഹത്തിന് മുമ്പിൽ പങ്കുവെച്ചിരുന്നതാണ്. അന്ന് എസ്എഫ്ഐ ഉയർത്തിയ ആശങ്കകളും അഭിപ്രായങ്ങളും സർക്കാർ അനുഭാവപൂർവ്വം പരിഗണിച്ചിട്ടുണ്ട് എന്നാണ് സ്വകാര്യ സർവ്വകലാശാല ബില്ലിനെ സംബന്ധിച്ചുള്ള വാർത്തകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.

രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിൽ സ്വകാര്യ സർവകലാശാലകളിൽ സാമൂഹിക നീതിയും മെറിറ്റും ഉറപ്പ് വരുത്താൻ കേരളത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമൂഹിക നീതിയും മെറിറ്റും പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും, ജീവനക്കാരുടെയും ജനാധിപത്യ അവകാശങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും, ജീവനക്കാർക്കും സംഘടനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്താനും വിദ്യാർത്ഥി യൂണിയൻ ഉൾപ്പെടെയുള്ള ജനാധിപത്യ വേദികൾ ഉറപ്പ് വരുത്താനും സംസ്ഥാന സർക്കാർ തയ്യാറാവണം. ഇൻ്റേണൽ മാർക്കിൻ്റെ പേരിൽ വലിയ വേട്ടയാടലുകളാണ് സ്വകാര്യ – സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്നത്.

ഈ അനുഭവത്തിൻ്റെ വെളിച്ചത്തിൽ സ്വകാര്യ സർവകലാശാലകളിൽ ഇൻ്റേണൽ മാർക്കിനെ സംബന്ധിച്ചുള്ള പരാതി പരിഹാര സമിതിയിൽ വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്താനും സംസ്ഥാന സർക്കാർ തയ്യാറാവണം. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവുമുണ്ടാവണം.

വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് ഉയർന്ന് വരുന്ന ആശങ്കകൾ അനുഭാവപൂർവ്വം പരിഗണിച്ചും, വിദ്യാർത്ഥി സംഘടനകളോട് ചർച്ച ചെയ്തും മാത്രമേ സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കാൻ പാടുള്ളൂ എന്ന് സംസ്ഥാന സർക്കാരിനോട് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.