
സ്വന്തം ലേഖകൻ
പാലക്കാട്: ആളുമാറി കോളറിന് പിടിച്ച് പൊലീസ് വാനിൽ കയറ്റിയപ്പോൾ അറിഞ്ഞില്ല സല്യൂട്ടടിക്കുന്ന ഏമാനാണെന്ന്, പറ്റിയ അമളിയോർത്ത് ക്ഷമ പറഞ്ഞ് തടിയൂരി പൊലീസുകാരൻ. അഗ്നിപഥ് പദ്ധതിയ്ക്കെതിരെ പാലക്കാട് ഹെഡ് പോസ്റ്റോഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിനിടെയാണ് പൊലീസിന് ആളു മാറിയത്.
എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്നു സ്പെഷല്‍ ബ്രാഞ്ച് എസ് ഐ സത്യനെ മുട്ടിക്കുളങ്ങര കെ എ പി ക്യാമ്പില്‍ നിന്നെത്തിയ പൊലീസുകാര്‍ കോളറില്‍ പിടിച്ച് വാനില്‍ കയറ്റാന്‍ ശ്രമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്പെഷല്‍ ബ്രാഞ്ചിലായതിനാല്‍ മഫ്തിയിലായിരുന്നു എസ്‌ഐ സത്യന്‍. മുട്ടിക്കുളങ്ങര ക്യാമ്പില്‍ നിന്നെത്തിയവര്‍ സമരക്കാരനാണെന്ന് കരുതിയാണ് ഇദ്ദേഹത്തെ വാനില്‍ കയറ്റാന്‍ ശ്രമിച്ചത്. ഒടുവില്‍ അമളി മനസ്സിലായതോടെ കോളറില്‍ പിടിച്ച പൊലീസുകാരന്‍ ക്ഷമ പറഞ്ഞ് തടിയൂരി.
സ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരാണ് സത്യന്‍ സ്പെഷല്‍ ബ്രാഞ്ച് എസ് ഐ ആണെന്ന് ക്യാമ്പില്‍ നിന്നും വന്നവരോട് പറഞ്ഞത്. സമര സ്ഥലത്ത് പൊലീസ് ആളുമാറി മര്‍ദ്ദിക്കുന്ന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥനെ ആളുമാറി വാനില്‍ തള്ളി കയറ്റാന്‍ ശ്രമിക്കുന്നത് ഇത് ആദ്യമാണ്.