യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് നേരെ എസ്എഫ്ഐയുടെ ക്രൂരത; സ്വാധീനമില്ലാത്ത കാലിനെ കളിയാക്കുകയും ചവിട്ടിപ്പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു; പുറത്ത് പറഞ്ഞാൽ കാലു രണ്ടും വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥി; മർദ്ദനത്തിന് കാരണം വ്യക്തിവൈരാഗ്യം

Spread the love

തിരുവന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളുടെ ക്രൂര മർദനം. എസ്.എഫ്.ഐ പ്രവർത്തകൻ കൂടിയായ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ കോളേജിലെ യൂണിയൻ റൂമിൽ കൊണ്ടുപോയി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. തല്ലാനായി വിദ്യാർത്ഥിയെ വെല്ലുവിളിക്കുന്നതും ഈ വീഡിയോയിൽ കാണാം.

ഭിന്നശേഷിക്കാരൻ കൂടിയായ പൂവച്ചൽ സ്വദേശിയായ വിദ്യാർത്ഥി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് യൂണിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് കാലിലും വിരലുകളില്ലാത്ത ഒരു കാലിന് സ്വാധീനക്കുറവുള്ളയാളാണ് മൂന്നാം വർഷ വിദ്യാർത്ഥിയായ അനസ്. തോരണം കെട്ടാനും കൊടി കെട്ടാനും തന്നോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാലിന് സുഖമില്ലാത്തതിനാൽ മരത്തിൽ കയറാൻ പറ്റില്ലെന്ന് അനസ് പറഞ്ഞു. അപ്പോൾ നിനക്ക് പ്രാദേശികമായി പ്രവ‍ർത്തിക്കാൻ അറിയാമല്ലോ എന്ന് പറഞ്ഞ് അസഭ്യം പറഞ്ഞു.

അനസിനെയും സുഹൃത്തായ അഫ്സലിനെയുമാണ് യൂണിറ്റ് റൂമിലേക്ക് കൊണ്ടുപോയി മർദിച്ചത്. കൊടിയ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് അനസ് പ്രതികരിച്ചു. തന്റെ വൈകല്യമുള്ള കാലിൽ ചവിട്ടി പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറിയാണ് മർദന വിവരം പുറത്തു പറഞ്ഞാൽ രണ്ട് കാലും വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയത്. വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് വയ്യാത്ത കാലിന്റെ പേരിൽ പലതവണ കളിയാക്കുകയും ചെയ്തു. ഇതിന്റെ പേരിൽ കോളേജിൽ പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും അനസ് പറഞ്ഞു.

ഡിപ്പാർട്ട്മെൻറ്റ് കമ്മിറ്റി അംഗങ്ങളാണ് തന്നെ യൂണിയൻ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും അനസ് പറഞ്ഞു. നാട്ടിൽ ഡിവൈഎഫ്ഐ യൂണിറ്റ് അംഗം കൂടിയായ അനസ് കോളേജിൽ അഡ്മിഷൻ എടുത്ത സമയത്ത് പ്രാദേശികമായ പാർട്ടി ഇടപ്പെടൽ ഉണ്ടായ ശേഷം തന്നോട് കോളേജിലെ പാർട്ടി ഭാരവാഹികൾക്ക് വ്യക്തി വൈരാഗ്യം ഉണ്ടായെന്നും അനസ് പറഞ്ഞു.

ആദ്യമൊന്നും പ്രശ്നമുണ്ടായില്ലെങ്കിലും പിന്നീട് തന്നോട് ഓരോ കാര്യങ്ങൾ പറഞ്ഞ് പ്രശ്നമുണ്ടാക്കി. തനിക്ക് മർദനം നേരിടേണ്ടി വന്ന കാര്യം സിപിഎം ജില്ലാ സെക്രട്ടറിയെ അറിയിച്ചുവെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകാൻ പറ‍ഞ്ഞുവെന്നും അനസ് കൂട്ടിച്ചേർത്തു.