തിരുവനന്തപുരത്ത് എസ്എഫ്‌ഐ എബിവിപി സംഘർഷം; വിദ്യാർത്ഥിനിയുടെ തല ബിയർകുപ്പിക്ക് അടിച്ചു പൊട്ടിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിൽ സംഘർഷം. എബിവിപി എസ്എഫ്ഐ പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ വിദ്യർത്ഥികൾക്കും പോലീസുകാർക്കും ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം എസ്എഫ്ഐ മാതൃകം ജില്ലാ കമ്മിറ്റി അംഗം പ്രീജയ്ക്ക് ബിയർ കുപ്പി കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിൽ രണ്ട് എബിവിപി പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.കോളേജിലെ പ്രവേശനോത്സവത്തിനിടെ ഇന്ന് രാവിലെ പത്തരയോടെയാണ് സംഘർഷമുണ്ടായത്. ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ കോളേജിന് സമീപത്തേ ആൽമരത്തിൽ ഫ്ലളക്സ് ബോർഡുകളും കൊടിമരങ്ങളും സ്ഥാപിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഏറെ നാളായി ഇരു വിദ്യാർത്ഥി സംഘടനകളും തമ്മിൽ ഇവിടെ സംഘർഷം പതിവായതോടെ പോലീസ് കൊടിമരങ്ങൾ പൊലീസ് നീക്കം ചെയ്തിരുന്നു.ഏറെ നാളായി പ്രശ്നങ്ങളൊഴിഞ്ഞ കോളേജിൽ ഇന്ന് രാവിലെയോടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, കുളത്തൂർ ആർട്സ് കോളേജ്, ധനുവച്ചപുരം ഐടി ഐ, ഐഎച്ച്ആർഡി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ്എഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് എബിവിപി പ്രവർത്തകരുടെ ആരോപണം.