തിരഞ്ഞെടുപ്പിന്റെ തുടർച്ചയായി ഏറ്റുമാനൂരപ്പൻ കോളേജിൽ എസ്.എഫ്.ഐ – എബിവിപി സംഘർഷം: അഞ്ചു പ്രവർത്തകർക്ക് പരിക്ക്; ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു; മെഡിക്കൽ കോളേജ് ആശുപത്രിയിലും പോർവിളിയും കല്ലേറും
ക്രൈം ഡെസ്‌ക്
ഏറ്റുമാനൂർ: എം.ജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന്റെ തുടർച്ചയായി ഏറ്റുമാനൂരപ്പൻ കോളേജിൽ വിദ്യാർത്ഥി സംഘർഷം. എസ്.എഫ്.ഐ – എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് അഞ്ചു പ്രവർത്തകർ പരിക്കേറ്റു. രണ്ടു വിഭാഗത്തിലെയും പ്രവർത്തകർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെ പരിക്കേറ്റ വിദ്യാർത്ഥികളെയുമായി എത്തിയ എസ്.എഫ്.ഐ – ഡിവൈ.എഫ്‌ഐ പ്രവർത്തകരും എബിവിപി ആർഎസ്എസ് പ്രവർത്തകരും മെഡിക്കൽ കോളേജ് വളപ്പിൽ ഏറ്റുമുട്ടി. എസ്.എഫ്.ഐ പ്രവർത്തരായ അനന്തുസജി, വിഷ്ണു, എബിവിപി പ്രവർത്തകരായ ഏറ്റുമാനൂരപ്പൻ കോളേജ് വിദ്യാർത്ഥികളായ അശ്വിൻ, ആദിത്യൻ ,സന്ദീപ് എന്നിവർക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ ഏറ്റുമാനൂരപ്പൻ കോളജിലായിരുന്നു വിദ്യാർത്ഥികൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ തുടർച്ചയായി കോളേജ് ക്യാമ്പസിലാണ് ഇരുവിഭാഗം വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. ഇതിന്റെ തുടർച്ചയായി ഏറ്റുമാനൂർ ക്ഷേത്രത്തിനു സമീപത്തെ എ.ബിവിപി പ്രവർത്തകന്റെ വീട് ഒരു സംഘം അടിച്ച് തകർത്തതായി ബിജെപിയും എബിവിപിയും ആരോപിച്ചു. ഇവിടെയുണ്ടായിരുന്ന ബൈക്കും തല്ലിത്തകർത്തു. തുടർന്ന് വിദ്യാർത്ഥിയെയുമായി ജനറൽ ആശുപത്രിയിൽ എത്തി. ഇവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് വീണ്ടും അക്രമ സംഭവങ്ങൾ ഉണ്ടായത്. ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുന്നിൽ ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ കല്ലേറുമുണ്ടായി.
ജില്ലയിൽ സംഘർഷം വ്യാപിപ്പിക്കുവാനുള്ള സി പി എം ഗൂഢാലോചനയുടെ ഭാഗമാണ് ഏറ്റുമാനൂരപ്പൻ കോളേജിലും ,പുറത്തും നടന്ന അക്രമങ്ങളെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷൻ എൻ ഹരി പറഞ്ഞു .കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സി പി എമ്മിൽ നടക്കുന്ന വിഭാഗിയതയും ,ശബരിമല വിഷയത്തിലെ മലക്കം മറിച്ചിലും അണികളേ ആശയ കുഴപ്പത്തിലാക്കിയിരിക്കുകയാണ് .ഇതിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ജില്ലയിൽ വ്യാപക അക്രമത്തിന് സി.പി.എം അഹ്വാനം ചെയ്തിരിക്കുന്നത് .പാല ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനെതിരെ ഉണ്ടായേക്കാവുന്ന കടുത്ത അതൃപ്തിയിൽ നിന്നും ,ചർച്ചയിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് ഒരു രാഷ്ട്രീയ കൊലപാതകം പോലും നടത്താൻ സി പി എം മടിക്കില്ലെന്നുള്ളതിന്റെ തെളിവാണ് ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ .അതിനു വേണ്ടി വ്യാപകമായി ലഹരിമരുന്ന് മാഫിയകളേയും ,ക്വട്ടേഷൻ സംഘങ്ങളേയും പണം കൊടുത്ത് ഇവർ രംഗത്തിറക്കിയിരിക്കുകയാണ് .ഇതിനെതിരെ ശക്തമായി ബി.ജെ.പി പ്രതിഷേധിക്കുന്നതായി എൻ.ഹരി ആരോപിച്ചു.