
മൂവാറ്റുപുഴയിൽ നാലര വയസുകാരിക്ക് ക്രൂരപീഡനം : പീഡനത്തിൽ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവും പരുക്കും, സ്‌കാനിങ്ങിൽ കുടൽ പൊട്ടിയതായും റിപ്പോർട്ട് ; പീഡന വിവരം പുറംലോകമറിഞ്ഞത് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ; അതീവ ഗുരുതരാവസ്ഥയിലായ കുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ
സ്വന്തം ലേഖകൻ
കോട്ടയം : മൂവാറ്റുപുഴയിൽ നാലര വയസുകാരിക്ക് ക്രൂരപീഡനം. പീഡനത്തിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയിൽ വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശികളുടെ കുടുംബത്തിലെ പെൺകുട്ടിയാണ് അതിക്രൂരമായ പീഡനത്തിന് ഇരയായത്.
ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ആരോഗ്യസ്ഥിതി വളരെ ഗുരുതരമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചത്. കുഞ്ഞിനു കടുത്ത വയറുവേദനയും മറ്റും തുടങ്ങിയതോടെ മൂവാറ്റുപുഴ നെടുംചാലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് സന്നദ്ധ സംഘടന ഇടപെട്ടു കുട്ടിയെ മൂവാറ്റുപുഴ മെഡിക്കൽ സെന്ററിലേക്ക് മാറ്റി.
മൂത്രതടസ്സം ഉണ്ടെന്നായിരുന്നു രക്ഷിതാക്കൾ ഡോക്ടറോട് പറഞ്ഞത്. വിശദമായ പരിശോധനയിൽ കുട്ടിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നു വ്യക്തമായതോടെ വിദഗ്ധ ചികിത്സയ്ക്കായി ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
സർജറി വിഭാഗം നടത്തിയ പരിശോധനയിലാണു കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവും പരിക്കും കണ്ടത്. സ്‌കാനിങ്ങിൽ കുഞ്ഞിന്റെ കുടൽ പൊട്ടിയതായി കണ്ടെത്തി. കുഞ്ഞു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞതോടെ ഞായറാഴ്ച പൊലീസിനെ വിവരം അറിയിച്ചു. എന്നാൽ പൊലീസ് ഇതുവരെ സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ആശുപത്രി അധികൃതർ വിവരം കൈമാറി 3 ദിവസം പിന്നിട്ടിട്ടും കേസ് അന്വേഷിക്കാൻ മൂവാറ്റുപുഴ പൊലീസ് തയാറായിട്ടില്ല. അതേസമയം പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എന്ന് മൂവാറ്റുപുഴ എസ്‌ഐ വി.കെ.ശശികുമാർ വ്യക്തമാക്കി.
ഡോക്ടർമാർ ബന്ധുക്കളോടു വിശദമായി വിവരങ്ങൾ തിരക്കിയെങ്കിലും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ഇവർ പറയുന്നത്. പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന സംശയത്തെ തുടർന്ന് ഇതേ കുടുംബത്തിലെ മറ്റൊരു പെൺകുട്ടിയെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കാൻ ആശുപത്രി അധികൃതർ ഒരുങ്ങുന്നു.
ഈ ദമ്പതികളുടെ 2 മക്കൾ കൂടി ആശുപത്രിയിലുണ്ട്. ഇതിൽ മൂത്ത പെൺകുട്ടിയും വയറു വേദനയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടെന്ന് അറിയിച്ചതോടെയാണ് ഈ കുട്ടിയെയും വിശദമായ പരിശോധനയ്ക്കു വിധേയമാക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.
കുഞ്ഞിന്റെ പിതാവിന്റെ സഹോദരനും ഭാര്യയുമാണു കൂടെയുള്ളതെന്നാണു പ്രാഥമിക വിവരം. കുറ്റകൃത്യം സംബന്ധിച്ച് അറിവില്ലെന്നാണ് ഇരുവരും പറയുന്നത്. ഇവരുടെ കുടുംബം മൂവാറ്റുപുഴ, പെരുമറ്റത്താണു വാടകയ്ക്കു താമസിക്കുന്നത്.എന്നാൽ ഇത്രയും ഗുരുതര സംഭവം റിപ്പോർട്ട് ചെയ്തിട്ടും കോട്ടയം മെഡിക്കൽ കോളജിൽ എത്തി വിവരങ്ങൾ അന്വേഷിക്കാൻ പോലും പൊലീസ് തയ്യാറായിട്ടില്ല.
രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയുമാണു ദമ്പതികൾക്ക് ഒപ്പമുള്ളത്. പീഡനത്തിന് ഇരയായതായി സംശയിക്കുന്ന കുട്ടി ഇയാളുടെ ആദ്യ ഭാര്യയുടെ കുട്ടിയാണെന്നും നാട്ടുകാർ പറയുന്നുണ്ട്.