video
play-sharp-fill

Monday, September 29, 2025

മാധ്യമപ്രവർത്തകരെ അഭിഭാഷകർ മർദ്ദിക്കാനിടയാക്കിയ സംഭവം: നടുറോഡില്‍ യുവതിയെ കയറിപ്പിടിച്ച കേസിൽ അഭിഭാഷകന് ശിക്ഷ

Spread the love

കൊച്ചി: നടുറോഡില്‍ യുവതിയെ കയറിപ്പിടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഹൈക്കോടതി മുന്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിയമോപദേശം തേടി. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തിലേക്ക് വരെ അഭിഭാഷകര്‍ നീങ്ങിയ സംഭവവുമായി ബന്ധപ്പെട്ട കോടതി ഉത്തരവിനോട് അഭിഭാഷക സംഘടനകളൊന്നും പ്രതികരിച്ചിട്ടില്ല.

അന്നത്തെ സംഭവവുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ ഏര്‍പ്പെടുത്തപ്പെട്ട മാധ്യമ നിയന്ത്രണങ്ങളിലടക്കം പുതിയ സാഹചര്യത്തില്‍ പുനപരിശോധന വേണമെന്ന ആവശ്യവും ശക്തമാണ്. അഭിഭാഷകനെതിരെ വാർത്ത റിപ്പോർട്ട് ചെയ്തതിന് സംസ്ഥാനത്തെ പരമോന്നത നീതിപീ‌ഠത്തിനു മുന്നില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കൂട്ടത്തോടെ ആക്രമിക്കുകയും ഹൈക്കോടതിക്കുളളില്‍ വച്ച് വനിതാ മാധ്യമ പ്രവര്‍ത്തകരടക്കം അഭിഭാഷകരാല്‍ അപമാനിക്കപ്പെടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധനേഷ് മാത്യു മാഞ്ഞൂരാന്‍ എന്ന അന്നത്തെ ഗവണ്‍മെന്‍റ് പ്ലീഡര്‍ക്കെതിരെ യുവതി നല്‍കിയ പരാതിയായിരുന്നു തുടക്കം. ഈ പരാതിയുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരിലായിരുന്നു അഭിഭാഷകര്‍ മാധ്യമ പ്രവ‍ര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞത്. മാധ്യമ പ്രവര്‍ത്തകര്‍ നുണപ്രചരണം നടത്തുന്നെന്നാരോപിച്ച് തെരുവില്‍ അക്രമം അഴിച്ചുവിട്ട സംഭവത്തിലാണ് ധനേഷ് മാത്യു മാഞ്ഞൂരാന്‍ കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം എറണാകുളത്തെ മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയത്. പൊതുവഴിയില്‍ യുവതിയെ കയറിപ്പിടിച്ചെന്ന പരാതിയില്‍ ഒരു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയുമാണ് ധനേഷിന് കോടതി വിധിച്ച ശിക്ഷ. വിധി പകര്‍പ്പ് ലഭിച്ചാലുടന്‍ മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ധനേഷിന്‍റെ നീക്കം.

അടുത്ത ദിവസം ധനേഷ് കോടതിയിലെത്തി ജാമ്യമെടുക്കും. ധനേഷുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധിക്കുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയുമൊക്കെ ചെയ്ത അഭിഭാഷക കൂട്ടായ്മകളാകട്ടെ കോടതി ഉത്തരവിനോട് പ്രതികരിച്ചിട്ടില്ല.

എന്നാല്‍ അന്നത്തെ സംഘര്‍ഷങ്ങളുടെ പേരില്‍ ഹൈക്കോടതിയിലടക്കം സംസ്ഥാനത്തെ പല കോടതികളിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്നും തുടരുകയാണ്. അന്നു പൂട്ടിയ ഹൈക്കോടതിയിലെ മീഡിയ റൂം ഇനിയും തുറന്നിട്ടില്ല. വഞ്ചിയൂര്‍ കോടതിയില്‍ ഇന്നും മാധ്യമ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടിംഗിന് അഭിഭാഷകരുടെ അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുന്നു.

എറണാകുളത്തെ അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമിടയിലെ ബന്ധം വര്‍ഷങ്ങളുടെ ഇടവേളയില്‍ മെച്ചപ്പെട്ടെങ്കിലും ഒരു സ്ത്രീയെ നടുറോഡില്‍ കയറിപ്പിടിച്ച കേസിലെ സഹപ്രവര്‍ത്തകനു വേണ്ടി ഇത്രമാത്രം പ്രശ്നങ്ങള്‍ സൃഷ്ടിക്കേണ്ടിയിരുന്നോ എന്ന ചോദ്യം അഭിഭാഷകര്‍ക്കു മുന്നില്‍ ഉയര്‍ന്നു നില്‍ക്കും. ധനേഷ് കുറ്റക്കാരനെന്ന് കോടതി തന്നെ കണ്ടെത്തിയ പുതിയ പശ്ചാത്തലത്തില്‍ ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കാന്‍ അഭിഭാഷക സംഘടനകളുടെ ഇടപെടല്‍ ഉണ്ടാകുമോ എന്നും ഉറ്റുനോക്കുന്നു.